കൊല്ലത്ത് സെൽഫി എടുക്കുന്നതിനിടെ പെൺകുട്ടികൾ ആറ്റിൽ വീണു; ഒരാളെ കാണാനില്ല

കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ പെൺകുട്ടികൾ ആറ്റിൽ വീണു. മൂന്ന് പെൺകുട്ടികളാണ് കല്ലടയാറ്റിൽ വീണത്. രണ്ട് പേരെ രക്ഷപെടുത്തിയെങ്കിലും ഒരാളെ കാണാതായി. കാണാതായ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.പത്തനംതിട്ട കോന്നിക്ക് സമീപത്തെ കൂടൽ സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പത്താനാപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടികൾ. ഉച്ചഭക്ഷണം കഴിച്ചശേഷം സമീപത്തെ പുഴയ്ക്ക് അടുത്തെത്തി സെൽഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം. മൂന്നുപേരും പുഴലേക്ക് വീണു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻതന്നെ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമത്തെ പെൺകുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാരും അഗ്നിരക്ഷാ സേനയും തെരച്ചിൽ തുടരുകയാണ്. ആറിന് ആഴംകൂടിയ പ്രദേശമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിനാൽ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നും നാട്ടുകാർ പറഞ്ഞു.