പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പൊള്ളലേറ്റയാൾ മരിച്ചു

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. ആര്യനാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പാലോട് സ്വദേശിയായ ഷൈജുവാണ് മരിച്ചത്. ഷൈജുവിന് അൻപതു ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.ഇതിനിടെയാണ് മരണം സംഭവിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. പാലോട് സ്വദേശിയായ ഷൈജു പരാതി നൽകാനാണ് ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യയ്‌ക്കെതിരേയുള്ള പരാതി ആണെന്നാണ് സ്റ്റേഷനിൽ പറഞ്ഞിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ തിരക്കുന്നതിനിടെ കൈവശമുണ്ടായിരുന്ന പെട്രോൾ ഷൈജു ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും അഭിഭാഷകരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Loading...