കെ.എസ്.ആര്‍.ടി.സി. ബസിന്റെ ടയര്‍ മനഃപൂര്‍വം പഞ്ചറാക്കുന്നു ; പലകയില്‍ ആണി തറച്ച് കെണിയെന്ന് പരാതി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസിന്റെ ടയര്‍ മനഃപൂര്‍വം പഞ്ചറാക്കുകയും ജീവനക്കാരെ അസഭ്യം പറയുന്നതായും പരാതി. ആറ്റുകാല്‍ പ്രത്യേക സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ടയർ ക്ഷേത്രപരിസരത്തെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പഞ്ചറാക്കുന്നു എന്നാണ് പരാതി. ഇതുസംബന്ധിച്ച് സിറ്റി അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഫോര്‍ട്ട് പോലീസിനു പരാതി നല്‍കി.

ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചുതവണ ടയര്‍ പഞ്ചറാക്കി. ചൊവ്വാഴ്ചയും ടയര്‍ പഞ്ചറായതോടെയാണ് പരാതി നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പലകയില്‍ ആണി തറച്ചുവെച്ചാണ് ടയര്‍ പഞ്ചറാക്കുന്നത്. യാത്രക്കാര്‍ ബസിനെ ആശ്രയിക്കുന്നതിനാല്‍ ഓട്ടം കിട്ടുന്നില്ലെന്ന് പറഞ്ഞ് ആറ്റുകാല്‍ പരിസരത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ബസ് ജീവനക്കാരെ പതിവായി അസഭ്യം പറയുന്നുണ്ട്. ആറ്റുകാല്‍ ക്ഷേത്രപരിസരത്തുനിന്ന് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ 3.20-ന് പുറപ്പെടുന്ന പ്രത്യേക ബസിന്റെ ജീവനക്കാരാണ് അധികൃതരെ വിവരമറിയിച്ചത്.

Loading...

കിഴക്കേക്കോട്ടയില്‍ നിന്നു പുലര്‍ച്ചെ 1.45-ന് പുറപ്പെടുന്ന ബസ് രണ്ടിന് ആറ്റുകാല്‍ എത്തും. മണ്ഡലകാലത്ത് മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന അയ്യപ്പഭക്തരെ ഉദ്ദേശിച്ചാണ് സര്‍വീസ് തുടങ്ങിയത്. ഭാഷ അറിയാത്ത ഭക്തര്‍ക്കുകൂടി മനസ്സിലാകാന്‍ ജീവനക്കാര്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള സര്‍വീസാണെന്നു വിളിച്ചുപറയണമെന്ന നിര്‍ദേശവുമുണ്ട്. എന്നാൽ ബസിനു മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് സര്‍വീസ് തടസ്സപ്പെടുത്താറുണ്ടെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.