മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല;തട്ടിക്കയറി വാര്‍ത്താസമ്മേളനം ഇടയ്ക്ക് അവസാനിപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന അമേരിക്കയുടെ സ്ഥാനമെല്ലാം കൊവിഡ് പ്രതിരോധത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു വീണിരിക്കുകയാണ്. ഇതുവരെ വൈറസിനെ നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ അമേരിക്ക നേരിടുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ലോകത്തിന് മുന്നില്‍ തന്നെ നാണം കെടുന്ന അവസ്ഥയാണ്. അത് മറച്ചുപിടിക്കുന്നതിന് വേണ്ടി ചൈനയ്‌ക്കെതിരെ പല തവണ വിമര്‍ശമുന്നയിക്കാനായിരുന്നു ട്രംപ് കൂടുതലായും ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ട്രംപിന് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി വാര്‍ത്താസമ്മേളനം ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചിരിക്കുകയാണ് പ്രസിഡന്റ്.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നാടകീയമായ രംഗങ്ങള്‍ നടന്നത്. കാര്യങ്ങളെല്ലാം വിശദീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറുകയായിരുന്നു ട്രംപ്. ഇതിനിടെ ഒരു റിപ്പോര്‍ട്ടര്‍ ട്രംപിനോട് ചോദിച്ച ചോദ്യമാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്. കൊവിഡ് പരിശോധനകളില്‍ മറ്റേത് രാജ്യത്തേക്കാളും മുന്നിലാണ് തങ്ങളെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. ഇപ്പോഴും നിരവധി ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. എന്തിനാണ് ഈ ആഗോള മത്സരം,ഈ അവകാശവാദം എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.

Loading...

സിബിഎസ് റിപ്പോര്‍ട്ടറായ വെയ്ജിയ ജിയാങാണ് ഈ ചോദ്യം ചോദിച്ചത്. എന്നാല്‍ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. നിങ്ങള്‍ ഇക്കാര്യം പോയി ചൈനയോട് ചോദിക്കൂ,എന്നോടല്ല ചൈനയോടാണ് ഈ ചോദ്യം ചോദിക്കേണ്ടത്. അവരോട് ചോദിച്ചാല്‍ തീര്‍ത്തും അസാധരണമായ ഒരു ഉത്തരം ലഭിക്കും എന്നായിരുന്നു ട്രംപിന്റെ മറുപടി. അടുത്ത ചോദ്യം റിപ്പോര്‍ട്ടര്‍ ചോദിക്കാനിരിക്കെ ട്രംപ് അടുത്ത മാധ്യമപ്രവര്‍ത്തകയോട് ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ റിപ്പോര്‍ട്ട് മൗനം പാലിച്ച് ജിയാങ്ങിന് തന്നെ ചോദ്യം ചോദിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ട്രംപിന്റെ മറുപടിക്ക് റിപ്പോര്‍ട്ടറുടെ മറുചോദ്യം ഇങ്ങനെയായിരുന്നു. നിങ്ങള്‍ എന്തുകൊണ്ടാണ് എന്നോട് ഇക്കാര്യം പ്രത്യേകമായി എടുത്ത് പറഞ്ഞത് എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.

ചൈനയിൽ ജനിച്ചു വളർന്ന ഏഷ്യൻ വംശജയായ ജിയാങ്, കോവിഡിന്‍റെ പശ്ചാത്തലത്തിൽ ട്രംപ് പലപ്പോഴായി പ്രകടിപ്പിച്ച ഏഷ്യൻ വംശീയ അധിക്ഷേപത്തെ സൂചിപ്പിച്ച് തന്നെയായിരുന്നു ഇത്തരമൊരു ചോദ്യം ഉന്നയിച്ചതെന്നാണ് സൂചന.ഇതിന് നിങ്ങൾ വളരെ മോശമായ ഒരു ചോദ്യമാണ് ചോദിച്ചതെന്ന് മറുപടി നൽകിയ ട്രംപ് ജിയാങിന് ചോദ്യം ചോദിക്കാന്‍ അവസരം നൽകിയ മാധ്യമപ്രവർത്തകയെയും അവഗണിച്ച് അടുത്തയാളോട് ചോദ്യം ചോദിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാളുടെ ചോദ്യത്തിന് കാത്തു നിൽക്കാതെ പെട്ടെന്ന് തന്നെ വേദി വിടുകയും ചെയ്തു. ഇതാദ്യമായാല്ല കോവിഡ് വിഷയത്തിൽ ട്രംപ് മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുന്നത്.. പലപ്പോഴും വനിതാ മാധ്യമ പ്രവര്‍ത്തകരാണ് ഇദ്ദേഹത്തിന്‍റെ ദേഷ്യത്തിന് ഇരകളാകുന്നത്.ജിയാങിന് നേരെയുള്ള ട്രംപിന്‍റെ ആക്രോശം ഇതാദ്യമല്ല. കഴിഞ്ഞ മാസവും തനിക്ക് നേരെ ചോദ്യങ്ങൾ ഉന്നയിച്ച ഇവരോട് പ്രസിഡന്‍റ് രൂക്ഷമായി ഭാഷയില്‍ പ്രതികരിച്ചിരുന്നു.