തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ​ഗ്രൂപ്പിന് ?, ഫിനാൻഷ്യൽ  ബിഡിൽ അദാനി ഒന്നാമത്

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്  ലഭിച്ചേക്കും. ഇതുസംബന്ധിച്ച ഫിനാൻഷ്യൽ  ബിഡിൽ അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്തെത്തി. പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സി രണ്ടും, ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആർ മൂന്നാംസ്ഥാനത്തുമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 28നാണ്.  തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറാനാണ് എയർപോർട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. ജിഎംആറും അദാനിയും ആറു വിമാനത്താവളങ്ങൾക്കു വേണ്ടിയും ബിഡ് സമർപ്പിച്ചിരുന്നു. ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളം ഏറ്റെടുത്തു വികസിപ്പിച്ചത് ജിഎംആർ ഗ്രൂപ്പ് ആണ്. എന്നാൽ അദാനി ആദ്യമായാണ് വ്യോമയാന മേഖലയിൽ മുതൽ മുടക്കുന്നത്.

തിരുവനന്തപുരം കൂടാതെ അഹമ്മദാബാദ്, ജയ്പുർ, ലക്നൗ, മംഗലാപുരം എന്നിവയും അദാനിക്ക് ലഭിക്കുമെന്നാണ് വിവരം. മംഗലാപുരത്തിനായി ബിഡിൽ പങ്കെടുത്ത സിയാൽ രണ്ടാം സ്ഥാനത്താണ്. ഗുവാഹത്തി വിമാനത്താവളത്തിന്റെ ബിഡ് കോടതി സ്റ്റേ  ചെയ്തു.  രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നേരത്തേ പ്രതിഷേധമുയർന്നിരുന്നു. സംസ്ഥാന സർക്കാർ ആദ്യം ഈ നീക്കത്തെ എതിർത്തെങ്കിലും പിന്നീടു നടത്തിപ്പവകാശത്തിനായി ബിഡിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സിയാലിന്റെ പേരിൽ ബിഡിൽ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടു തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന കമ്പനിയുണ്ടാക്കി.

Loading...

എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കെഎസ്ഐഡിസിയുടെ പേരിലാണ് ബിഡിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനപ്രകാരം കെഎസ്ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ അനുവദിച്ചിരുന്നു. ഇതുപ്രകാരം, ഏറ്റവും കൂടുതൽ തുക നിർദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കിൽ പോലും തുക വർധിപ്പിക്കാൻ കെഎസ്ഐഡിസിക്ക് അവസരം ലഭിക്കുമെന്നായിരുന്നു വിവരം. വിമാനത്താവള നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതിനെതിരെ എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.