അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

ആലപ്പുഴ: പള്ളിപ്പാട് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കായംകുളം ചേരാവള്ളി മാളിക പടീറ്റതില്‍ സൈനുലാബ്ദീന്റെ മകന്‍ മുഹമ്മദ് അനസ് (28), ചേരാവള്ളി ജിനു ഭവനത്തില്‍ തങ്കച്ചന്‍ ഡാനിയേലിന്റെ മകന്‍ ജിബിന്‍ തങ്കച്ചന്‍ (26) എന്നിവരാണ് മരിച്ചത്. പള്ളിപ്പാട് ആഞ്ഞിലുമൂട്ടില്‍ പാലത്തിനു തെക്കുവശം ഇന്ന് വൈകിട്ട് 5.30 ഓടെ ആയിരുന്നു അപകടം.

സുഹൃത്തുക്കളായ നാലംഗ സംഘം മീന്‍ പിടിക്കാനായാണ് പള്ളിപ്പാട് എത്തിയത്. മീന്‍ പിടിക്കുന്നതിനിടെ ഇരുവരും കുളിക്കാനായി ആറ്റില്‍ ഇറങ്ങുകയായിരുന്നു. രണ്ടുപേരും ഒഴുക്കില്‍ പെട്ടത് കണ്ട മീന്‍ പിടിച്ചു കൊണ്ടുനിന്ന രണ്ട് പേര്‍ ബഹളം വെയ്ക്കുന്നത് കണ്ട നാട്ടുകാര്‍ എത്തി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

Loading...

ഹരിപ്പാട് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപതി മോര്‍ച്ചറിയില്‍. ഖത്തറില്‍ ആയിരുന്ന അനസ് മൂന്ന് മാസം മുന്‍പാണ് നാട്ടില്‍ എത്തിയത്. മാതാവ് : കുഞ്ഞുമോള്‍. സഹോദരി : അനീഷ. പൊന്നമ്മയാണ് ജിബിന്റെ മാതാവ്. ഭാര്യ : എലിസബത്ത്. മകള്‍ : സാറ അന്ന ജിബിന്‍.