ഉജ്ജ്വല യോജന’ ഗുണഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടർ ഇനി വെറും 603 രൂപയ്‌ക്ക്, സബ്‌സിഡി 200 രൂപയിൽ നിന്ന് 300 രൂപയാക്കി

    ന്യൂഡൽഹി : ഉജ്വല പദ്ധതിയുടെ ഭാഗമായുള്ള പാചകവാതക ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന സബ്സിഡി 200ൽനിന്ന് 300 രൂപയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ, രാജ്യത്തെ 10 കോടി ഉപഭോക്താക്കൾക്കു പാചകവാതക സിലിണ്ടറിന് 100 രൂപ കുറയും. ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് ഇനി 300 രൂപ വീതം സബ്‌സിഡി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

    ഉജ്ജ്വല ഗുണഭോക്താക്കൾ 14.2 കിലോഗ്രാം സിലിണ്ടറിന് 903 രൂപ വിപണി വിലയിൽ 703 രൂപയാണ് നൽകിയിരുന്നത്. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് ശേഷം 603 രൂപ നൽകിയാൽ മതിയാകും. രാജ്യത്ത് പത്ത് കോടിയിലധികം വരുന്ന ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.

    Loading...

    75 ലക്ഷം പാവപ്പെട്ട കുടുംബങ്ങളെ കൂടി മൂന്ന് വർഷത്തിനുള്ളിൽ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 1,650 കോടി രൂപയാണ് ഇതിനായി ചെലവ് കണക്കാക്കുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) വിപുലീകരിക്കുന്നതിന് സെപ്തംബറിലെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നതായും മന്ത്രി വ്യക്തമാക്കി. പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്‌സിഡി ലഭിക്കുക. പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കാണ് തുക നേരിട്ടെത്തുന്നത്.