ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം: 22 മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിയെ റായ് ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി. 22 പേര്‍ മരിക്കുകയും, 150-ല്പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഡെറാഡൂണ്‍- വാരണാസി ജനത എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകളാണ് പാളംതെറ്റിയത്. റായ് ബറേലിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ബച്ച്രാവന്‍ റെയില്‍വേ സ്‌റ്റേഷനു സമീപം വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടം. സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പാളംതെറ്റിയത്.

Loading...

ബ്രേക്കിന്റെ തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. രണ്ട് കമ്പാര്‍ട്ടുമെന്റുകള്‍ എഞ്ചിനില്‍ ഇടിക്കുകയായിരുന്നു. കോച്ചുകളില്‍ ഒന്ന് ജനറല്‍ കമ്പാര്‍ട്ടുമെന്റാണ്. ഇതില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. രണ്ടാത്തെ ഗാര്‍ഡ് കമ്പാര്‍ട്ട്‌മെന്റ് ശൂന്യമായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ലഖ്‌നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.