ബിജിമോള്‍ക്കെതിരെ വിവാദ പരാമര്‍ശം: കെ സി അബു മാപ്പുപറഞ്ഞു

കോഴിക്കോട്: ബിജിമോള്‍ എം.എല്‍.എ യ്ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു മാപ്പുപറഞ്ഞു. ബജറ്റ് അവതരണം തടയാന്‍ ഓടിയടുത്ത ബിജിമോള്‍ എം എല്‍ എയെ മന്ത്രി ഷിബു ബേബിജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു എന്ന വിവാദ പ്രസ്താവനയാണ് നിരുപാധികം പിന്‍വലിച്ച് പരസ്യമായി മാപ്പുപറയുന്നതെന്ന് അബു അറിയിച്ചു.

ബിജിമോളോട് മാപ്പു പറയണമെന്നുള്ള കെ പി സി സി നിര്‍ദ്ദേശം കൂടി അംഗീകരിച്ചാണ് തന്റെ മാപ്പെന്ന് അദ്ദേഹം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. തന്റെ പ്രസ്താവന കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ ഫോണില്‍ വായിച്ച് കേള്‍പ്പിച്ചശേഷമാണ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് സുധീരന്‍ നിര്‍ദ്ദേശിച്ചിരുന്നു. മാപ്പുപറയാത്തപക്ഷം അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു. പ്രസ്താവനയെ മന്ത്രി ഷിബു ബേബിജോണും അപലപിച്ചിരുന്നു.

Loading...

ബജറ്റ് അവതരിപ്പിച്ച ദിവസം നിയമസഭയിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെടുത്തി വെള്ളിയാഴ്ചയാണ് ബിജിമോള്‍ക്കെതിരെ അബു വിവാദ പരാമര്‍ശം നടത്തിയത്. പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.