100 കോടി പ്രതിഫലവുമായി തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്

തമിഴ് സൂപ്പര്‍സ്റ്റാര്‍ അടുത്തിടെ ചെയ്ത സിനിമകളെല്ലാം വമ്പന്‍ ഹിറ്റായിരുന്നു. തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ തമിഴില്‍ തിളങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍ താരം.നടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.

വിജയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ബിഗില്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി വലിയ വിജയം നേടിയിരുന്നു. അറ്റ്‌ലീ സംവിധാനം ചെയ്ത ബിഗില്‍ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. മെര്‍സല്‍, സര്‍ക്കാര്‍,ബിഗില്‍ എന്നീ മെഗാഹിറ്റുകളോടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന താരമായും ദളപതി മാറിയിരുന്നു. വിജയ് ചിത്രങ്ങള്‍ നിര്‍മ്മിച്ചാല്‍ സാമ്പത്തിക ലാഭം ഉറപ്പായും ലഭിക്കുമെന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

Loading...

തമിഴ് നിര്‍മ്മാതാക്കളെല്ലാം തന്നെ വിജയ് ചിത്രങ്ങള്‍ നിര്‍മ്മിക്കാനായി വലിയ താല്‍പര്യമാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ വളരെ കരുതലോടെ മാത്രം ചിത്രങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ബിഗിലിന്റെ വിജയത്തോടെ വിജയ് തന്റെ പ്രതിഫല തുക കുത്തനെ ഉയര്‍ത്തിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ദളപതി വമ്പന്‍ പ്രതിഫലം വാങ്ങുന്നതെന്നാണ് അറിയുന്നത്.

ഇതുവരെയും പേരിടാത്ത ചിത്രത്തിന് 100 കോടി പ്രതിഫലം വിജയ് വാങ്ങുന്നുണ്ടെന്നാണ് അറിയുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സിന്റെ ചിത്രത്തിനായി 50 കോടി രൂപ വിജയ് അഡ്വാന്‍സ് വാങ്ങിയതായും അറിയുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ രജനീകാന്തിനെയാണ് വിജയ് മറികടന്നിരിക്കുന്നത്. വര്‍ഷങ്ങളോളമായി തമിഴില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത് രജനി ആയിരുന്നു.

അതാണ് ഇപ്പോള്‍ ദളപതി മറികടന്നിരിക്കുന്നത്. ആരാധക പിന്തുണയുടെ കാര്യത്തിലും വിജയ് തന്നെയാണ് മുന്നില്‍നില്‍ക്കുന്നത്. തമിഴ്‌ നാട്ടിലെന്ന പോലെ കേരളത്തിലും നടന്‍റെ ചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടാറുണ്ട്. അതേസമയം വെട്രിമാരനാണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇപ്പോള്‍ ഏആര്‍ മുരുകദോസിന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്.

മുന്‍പ് വിജയെ നായകനാക്കി തുപ്പാക്കി, കത്തി തുടങ്ങിയ സിനിമകള്‍ ഏആര്‍ മുരുകദോസ് സംവിധാനം ചെയ്തിരുന്നു. രണ്ട് സിനിമകളും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ പൂര്‍ത്തിയായ ശേഷമാകും വിജയ് പുതിയ സിനിമകളിലേക്ക് കടക്കുക.

സമ്മര്‍ റിലീസായിട്ടാണ് മാസ്റ്റര്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് മാസ്റ്ററിന് വേണ്ടി സംഗീതമൊരുക്കുന്നത്. വിജയ് സേതുപതി. മാളവിക മോഹനന്‍,ഗൗരി കിഷന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.