ലോകക്കപ്പ് ക്രിക്കറ്റ്: ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്ക സെമി മത്സരം ഇന്ന്

ഓക് ലന്‍ഡ്: ലോകക്കപ്പ് ക്രിക്കറ്റ് സെമിയില്‍ ഇന്ന് ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടും. ഈഡന്‍ പാര്‍ക്കില്‍ 100 ഓവറുകള്‍ക്കപ്പുറം ആര് ചരിത്രം കുറിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ലോകകപ്പ് ചരിത്രത്തിലേക്ക് പുതിയൊരു ഫൈനലിസ്റ്റിനെ സമ്മാനിച്ചാകും ഇത്തവണത്തെ ആദ്യ സെമി ഫൈനല്‍ അവസാനിക്കുകയെന്നതുതന്നെ കാരണം. തുല്യശക്തികളുടെ പോരാട്ടത്തില്‍ ജയം ന്യൂസിലന്‍ഡിനൊപ്പം നിന്നാലും ദക്ഷിണാഫ്രിക്കക്കൊപ്പം നിന്നാലും ആദ്യമായി ലോകകപ്പ് ഫൈനലിലത്തെുക എന്ന ബഹുമതിയും കൂടെയുണ്ടാകും. ഇരു ടീമുകള്‍ക്കും പഴയ തോല്‍വികളുടെ ചരിത്രത്തെ തോല്‍പിക്കേണ്ടതുമുണ്ട്.

ന്യൂസിലന്‍ഡിനോടാണ് ലോകകപ്പ് സെമിമത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ ക്രൂരത കാട്ടിയിട്ടുള്ളത്. ഇതിനുമുമ്പ് ആറുതവണയാണ് സെമിയില്‍ തോല്‍വി ഭൂതം കിവികളെ നിര്‍ദാക്ഷിണ്യം വീഴ്ത്തിയത്. കറുത്ത കുതിരകളായുള്ള ഓരോ മുന്നേറ്റവും അവസാന രണ്ടിലത്തൊതെ ഒടുങ്ങി. എന്നാല്‍, ഇത്തവണ വെറും കറുത്ത കുതിരകളായല്ല, മുന്നിലത്തെിയവരെയെല്ലാം ചാമ്പ്യന്‍ ടീമിന് പോന്ന പോരാട്ടവീര്യവുമായി തച്ചുടച്ചതിന്‍െറ ആത്മവിശ്വാസവുമായാണ് ബ്രണ്ടന്‍ മക്കല്ലത്തിന്‍െറ നേതൃത്വത്തില്‍ ന്യൂസിലന്‍ഡ് സെമിയിലത്തെിനില്‍ക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും തിളങ്ങി ഒരു യൂനിറ്റായുള്ള ഒത്തൊരുമിച്ച മുന്നേറ്റം. വിന്‍ഡീസിനെതിരായ ക്വാര്‍ട്ടറില്‍ ഇരട്ടശതകം നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലിലൂടെ ഒരു സൂപ്പര്‍ ഹീറോയെയും അവര്‍ സ്വന്തമാക്കി. കൊറെ ആന്‍ഡേഴ്സണ്‍, ബ്രണ്ടന്‍ മക്കല്ലം, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്ലര്‍ എന്നിവരുടെ ഫോം കൂടിച്ചേരുമ്പോള്‍ കിവീസ് ബാറ്റിങ്ങിന് പൂര്‍ണതയാകും. ട്രെന്‍റ് ബോള്‍ട്ടിന്‍െറയും ടിം സൗതിയുടെയും തീപാറുന്ന പന്തുകള്‍ 34 തലകളാണ് ഇതുവരെ കൊയ്തത്. 15 ഇരകളുമായി സ്പിന്‍ വിഭാഗത്തില്‍ വെറ്ററന്‍ ഡാനിയല്‍ വെട്ടോറിയുമുണ്ട്.
മറുവശത്ത്, പടിക്കല്‍ കലമുടക്കുന്ന സ്ഥിരം സ്വഭാവത്തിന്‍െറ പേരില്‍ ഇത്തവണയെങ്കിലും പഴികേള്‍ക്കാതിരിക്കുകയാണ് എ.ബി. ഡിവില്ലിയേഴ്സിന്‍െറ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. വലിയ പേരുമായത്തെി ഐ.സി.സി ടൂര്‍ണമെന്‍റുകളിലെ നോക്കൗട്ടില്‍ മുട്ടുവിറച്ച് വീഴുന്ന ചരിത്രത്തിന് ഇത്തവണ ശ്രീലങ്കക്കെതിരെ നേടിയ ക്വാര്‍ട്ടര്‍ ജയത്തോടെ ഒരു മാറ്റം വരുത്താനായിട്ടുണ്ട്. എന്നാല്‍, മുമ്പ് മൂന്നു ലോകകപ്പ് സെമികളില്‍ തോറ്റമ്പിയതിന്‍െറ ക്ഷീണം പോകണമെങ്കില്‍ ഇന്ന് അവര്‍ക്ക് ജയിക്കണം. ഡിവില്ലിയേഴ്സ്, ഹാഷിം ആംല, ജെ.പി. ഡുമിനി, ഡെയ്ല്‍ സ്റ്റൈയ്ന്‍, മോണി മോര്‍ക്കല്‍ എന്നീ പേരുകളിലായി അതിനുള്ള പടക്കോപ്പുകളെല്ലാം പ്രോട്ടീസിന്‍െറ പക്കലുണ്ട്. പൂള്‍ ഘട്ടത്തില്‍ ഇന്ത്യയോട് തോറ്റത് ഒഴിച്ചുനിര്‍ത്തിയാല്‍ ഫൈനല്‍ബര്‍ത്ത് ഉറപ്പിക്കാനുള്ള വീര്യവുമായാണ് സെമിവരെ അവര്‍ മുന്നേറിയത്. ബാറ്റിങ് തന്നെയാണ് അവരുടെ മുതല്‍ക്കൂട്ട്. ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസര്‍ എന്ന വിശേഷണവുമായി ലോകകപ്പിനത്തെിയ സ്റ്റെയിന് തന്‍െറ പെരുമക്കൊത്ത പ്രകടനം നടത്താനായിട്ടില്ല. 10 വിക്കറ്റുകളാണ് ഏഴു മത്സരങ്ങളില്‍നിന്നുള്ള സമ്പാദ്യം. 15ഉം 14ഉം വിക്കറ്റുകളുമായി ബൗളിങ്ങില്‍ പ്രോട്ടീസിനെ കൂടുതലും തുണച്ചത് ഇംറാന്‍ താഹിറും മോണി മോര്‍ക്കലുമാണ്. എന്നാല്‍, ഓപണിങ് ബൗളിങ്ങില്‍ അപകടം വിതറി എതിര്‍നിരയുടെ തുടക്കം നശിപ്പിക്കാനും ഏതു നിമിഷവും കൂടുതല്‍ അപകടകാരിയാകാനും കഴിവുള്ള സ്റ്റെയിനെ അപ്പാടെ തള്ളാനും എതിര്‍നിരക്കാകില്ല. ന്യൂസിലന്‍ഡിന് പേടിക്കാനുള്ള വക ആഫ്രിക്കന്‍ കരുത്തിലുണ്ടെന്ന് സാരം.

Loading...

രണ്ടു ടീമുകളും മികച്ച കളിയാണ് പുറത്തെടുക്കുന്നതെന്നും അദ്ഭുതമുളവാക്കുന്ന പോരാട്ടത്തിനാകും സെമി സാക്ഷ്യം വഹിക്കുകയെന്നും ന്യൂസിലന്‍ഡ് കോച്ച് മൈക്ക് ഹെസന്‍ പറഞ്ഞുകഴിഞ്ഞു. ഈ ലോകകപ്പില്‍ സ്വന്തം മണ്ണില്‍ കിവീസ് ആതിഥ്യമരുളുന്ന അവസാന മത്സരമാണിത്. അതുകൊണ്ടുതന്നെ ജയം നേടി ഫൈനല്‍ ബര്‍ത്തിന് ടിക്കറ്റ് ഉറപ്പിക്കാനുള്ള സ്വന്തം നാട്ടുകാരുടെ പ്രതീക്ഷയും അവര്‍ക്കൊപ്പമുണ്ട്. പേസര്‍ ആദം മില്‍ പരിക്കേറ്റ് പുറത്തുപോയത് മാത്രമാണ് അവര്‍ക്ക് അലോസരമുണ്ടാക്കുന്ന ഒരുവാര്‍ത്ത. എന്നാല്‍, ഹോം ഗ്രൗണ്ടിന്‍െറ സമ്മര്‍ദവും പരിക്കിന്‍െറ വേദനയുമൊന്നും തങ്ങളെ ബാധിക്കില്ളെന്ന ഉറപ്പിലാണ് ന്യൂസിലന്‍ഡ്. ആരു ജയിക്കുമെന്ന് പറയാനാകില്ളെങ്കിലും ക്രിക്കറ്റിന് എക്കാലും ഓര്‍ത്തിരിക്കാനാകുന്ന ഒരു തകര്‍പ്പന്‍ പോരാട്ടമായിരിക്കും ഈഡന്‍ പാര്‍ക്കില്‍ അരങ്ങേറുകയെന്നത് മാത്രം പ്രവചിക്കാനാകും.