പൂച്ചകളുടെ സംരക്ഷണ കേന്ദ്ര നിര്‍മ്മാണത്തിന്‌ 7 മില്യണ്‍ ഡോളര്‍ !

ഷിക്കാഗോ: നോര്‍ത്ത്‌ വെസ്‌റ്റേണ്‍ അവന്യുവില്‍ 15,000 ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന പൂച്ചകളുടെ സംരക്ഷണ കേന്ദ്രത്തിന്‌ 7 മില്യണ്‍ ഡോളര്‍ വകയിരുത്തിയതായി ട്രി ഹൌസ്‌ ഹുമെയ്‌ന്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡേവ്‌ ഡി യും, ഡെവലപ്പ്‌മെന്റ്‌ ഡയറക്‌ടര്‍ ജെന്നിയും സംയുക്‌ത പ്രസ്‌താവനയില്‍ വെളിപ്പെടുത്തി.

കാറ്റ്‌ ഷെല്‍ട്ടറിന്‍െറ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടുത്ത മാസം (ഏപ്രില്‍) അടിസ്‌ഥാന ശിലയിടുമെന്നും അവര്‍ വെളിപ്പെടുത്തി.

Loading...

1971 ല്‍ സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ 35,000 പൂച്ചകള്‍ക്ക്‌ സംരക്ഷണം നല്‍കുവാന്‍ കഴിഞ്ഞതായി ഇവര്‍ പറയുന്നു. 7 മില്യന്‍ ചിലവഴിച്ചു നിര്‍മ്മിക്കുന്ന കേന്ദ്രത്തില്‍ ജനറല്‍ വെയ്‌റ്റിങ്ങ്‌ ഏരിയ, പബ്ലിക്‌ ക്ലിനിക്ക്‌, അഡോപ്‌ഷന്‍ റൂമുകള്‍, പെറ്റ്‌ ഫുഡ്‌ പാന്‍ട്രി, എഡ്യുക്കേഷന്‍ സെന്റര്‍ എന്നിവയാണ്‌ പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌.

കഴിഞ്ഞ അര ദശാബ്‌ദമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പണം കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും അഞ്ചു മില്യണ്‍ ഡോളര്‍ മാത്രമേ ഇതുവരെ സംഭാവനയായി ലഭിച്ചിട്ടുളളവെന്നും 2 മില്യണ്‍ കൂടെ ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാത്രം തൊളളായിരം പൂച്ചകളെ റിഹാബിലേറ്റ്‌ ചെയ്യുവാന്‍ കഴിഞ്ഞതായും പുതിയ ഫെസിലിറ്റിയില്‍ ആദ്യ വര്‍ഷം ഈ സംഖ്യ രണ്ടായിരമായി വര്‍ദ്ധിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.