ബി.ജെ.പിക്ക് എതിരേ ബി.ജെ.പി. മോദിയുടെ വിമാനകരാർ അഴിമതിയെന്ന് സുബ്രമണ്യം സ്വാമി.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബി.ജെ.പി നേതാവ് സുബ്രമണ്യ സ്വാമി. ഫ്രാൻസുമായി പ്രധാനമന്ത്രി ഒപ്പിട്ട റാഫേൽ യുദ്ധവിമാന കരാറിൽ അഴിമതിയുണ്ടെന്ന് സുബ്രമണ്യ സ്വാമി വെടിപൊട്ടിച്ചിരിക്കുകയാണ്‌. ആർക്കും വേണ്ടാത്ത ഈ വിമാനങ്ങൾ എന്തിനാണ്‌ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇത് തടയണം. സ്വാമി പറഞ്ഞു. 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദുമായി ശനിയാഴ്ചയാണ് പ്രധാനമന്ത്രി മോദി ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
കരാറിനെ അഴിമതിയെന്ന് വിശേഷിപ്പിച്ച സുബ്രഹ്മണ്യം സ്വാമി ഈ ഇടപാട് പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു. ഇന്ധനക്ഷമതയും പ്രവര്‍ത്തനക്ഷമതയും കുറഞ്ഞ റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ലോകത്ത് ഒരു രാജ്യവും തയാറാകുന്നില്ല. മുന്‍പ് ഈ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടവര്‍ പോലും അത് റദ്ദാക്കി. സ്വിറ്റ്‌സര്‍ലണ്ട് ഉദാഹരണമായി അദ്ദേഹം എടുത്തു പറഞ്ഞു.

ഫ്രാന്‍സിലെ ഡെസോള്‍ട്ട് വ്യോമയാന കമ്പനിയാണ് റാഫേല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാതാക്കള്‍. ഇന്ത്യ ഈ വിമാനങ്ങള്‍ ഇപ്പോള്‍ വാങ്ങാന്‍ തയാറായില്ലെങ്കില്‍ ഡെസോള്‍ട്ട് കമ്പനി അടച്ചുപൂട്ടുമെന്ന സ്ഥിതിയിലാണ്. കേന്ദ്ര സര്‍ക്കാരിന് ഫ്രാന്‍സിനെ പ്രീതിപ്പെടുത്തണമെന്നുണ്ടെങ്കില്‍ നഷ്ടത്തിലായ ഈ കമ്പനി തന്നെ വാങ്ങിക്കാവുന്നതാണ്. ഗവണ്‍മെന്റ് ഇതിനോട് യോജിക്കുന്നില്ലെങ്കില്‍ താന്‍ കോടതിയില്‍ പോകും. ഇതൊരു അഴിമതി ഇടപാടാണ് പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കും-അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥവൃന്ദം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെറ്റായ ഉപദേശം നല്‍കുകയാണ്. പ്രതിരോധമന്ത്രാലയത്തിന്റെ അഭിപ്രായവും ഈ വിമാനങ്ങള്‍ വാങ്ങേണ്ടെന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Loading...