റിക്രൂട്ട്മെന്റ് രംഗത്തെ തട്ടിപ്പുകള്‍ തടയാനുള്ള സര്‍ക്കാര്‍ സമീപനത്തിന് ലോകരാഷ്ട്രങ്ങളുടെ അംഗീകാരം

തൊഴില്‍ ചൂഷണം, വിസ തട്ടിപ്പ്, സാമ്പത്തീക തട്ടിപ്പുകളാല്‍ പൊറുതിമുട്ടിയ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് രംഗം ശുദ്ധീകരിക്കാനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നടപടികള്‍ക്ക് ലോകരാഷ്ട്രങ്ങളുടെ അംഗീകാരം. നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക റൂട്ട്‌സ് ഒ.ഡി.ഇ.പി.സി എന്നിവയിലൂടെ മാത്രമാക്കിയ നടപടിയെയാണ് ലോക രാജ്യങ്ങള്‍ അംഗീകരിക്കുമെന്ന് കരുതുന്നതു്‌.

റിക്രൂട്ട്‌മെന്റ് സംവിധാനം ഏതു തരത്തിലുള്ളതാകണമെന്നു തീരുമാനിക്കാനുള്ള അധികാരം അതതു രാജ്യത്തിനാണ്. ഏപ്രില്‍ 30 മുതല്‍ ഇതനുസരിച്ചേ റിക്രൂട്ട്‌മെന്റ് സാധിക്കൂ. കുവൈറ്റിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് ഈ അടുത്ത് നടന്ന റിക്രൂട്ട്‌മെന്റില്‍ നടന്ന വ്യാപകമായ സാമ്പത്തീക ഇടപാടുകളാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.

Loading...

സ്വകാര്യ ഏജന്‍സികള്‍ നഴ്‌സുമാരുടെ റിക്രൂട്ടമെന്റിനായി ലക്ഷങ്ങളായിരുന്നു തട്ടിയെടുത്തിരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് സാമ്പത്തീക പരാധീനതയില്‍ നട്ടം തിരിയുന്നവരും വിദേശത്ത് ഒരു ജോലിയെന്ന സ്വപ്‌നം പൂവിടുന്നതിനായി ലക്ഷങ്ങള്‍ മുടക്കേണ്ടി വരുന്ന അവസ്ഥ ദയനീയമായിരുന്നു. സ്വകാര്യ ഏജന്‍സികളുടെ ഈ കൊള്ളയും കഴുത്തറപ്പന്‍ നയവുമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ അവസാനിക്കുന്നത്.

വിദേശ രാജ്യങ്ങള്‍ നല്‍കുന്ന സൗജന്യ വിസയാണ് പല സ്വകാര്യ ഏജന്‍സികളും ഇത്തരത്തില്‍ വന്‍ തുകയ്ക്ക് വിറ്റ് കാശാക്കിയിരുന്നത്. ഇത്തരം കൊള്ള ഒഴിവാക്കുകയും ഇടനിലക്കാരെ ഒഴിവാക്കി വിദേശരാജ്യങ്ങള്‍ നേരിട്ട് ഇന്ത്യന്‍ എംബസിയെ സമീപിക്കുന്ന സംവിധാനം നടപ്പാക്കുകയുമാണു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതും ഇതുതന്നെ. ലക്ഷക്കണക്കിനു നഴ്‌സുമാര്‍ക്ക് അനുഗ്രഹമാകുന്ന നീക്കമാണിത്.

ഫിലിപ്പീന്‍സില്‍ നിന്നുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് വര്‍ഷങ്ങളായി അവിടത്തെ സര്‍ക്കാര്‍ നിയന്ത്രിത സംവിധാനമായ ഫിലിപ്പീന്‍സ് ഓവര്‍സീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (പിഒഇഎ) വഴിയാണ്. ഇന്ത്യയില്‍നിന്ന് 25 ലക്ഷം വരെ കോഴ നല്‍കി നഴ്‌സുമാര്‍ എത്തുമ്പോള്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ളവര്‍ക്കു ഒരു രൂപ പോലും ചിലവില്ലാതെ വിദേശങ്ങളില്‍ ജോലിക്കെത്താമായിരുന്നു.

ഇന്ത്യയില്‍ സര്‍ക്കാര്‍ ഏജന്‍സിവഴി മാത്രമാണു നിയമനമെങ്കില്‍ ആ മാര്‍ഗം തന്നെ സ്വീകരിക്കുകയും വേണ്ടിവരും. അഴിമതി ആരോപണം ശക്തമായ സാഹചര്യത്തില്‍ ഇടനിലക്കാരെ മുഴുവന്‍ ഒഴിവാക്കാനാണു കുവൈത്തിന്റെയും നീക്കമെന്നാണു വിവരം. ഇന്ത്യന്‍ നഴ്‌സുമാരെ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണു കുവൈത്ത്. 1250 ഇന്ത്യന്‍ നഴ്‌സുമാരുടെ കുവൈത്ത് റിക്രൂട്ട്‌മെന്റ് ഇപ്പോള്‍ നടക്കുകയാണ്. കേന്ദ്ര നീക്കം കൂടുതല്‍ ഗുണകരമാകുന്നതു കുവൈത്തിലേക്കുള്ള നഴ്‌സുമാര്‍ക്കാണ്.

മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റ് രീതി വ്യത്യസ്തമാണ്. ഖത്തറിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പ്രധാനമായും മുംബൈ കേന്ദ്രമാക്കിയുള്ള രണ്ട് ഏജന്‍സികളാണു നടത്തുന്നത്. യുഎഇയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ആശുപത്രികള്‍ക്കു സ്വന്തം സംവിധാനമാണുള്ളത്. ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നിയമനത്തിനും സര്‍ക്കാര്‍ വലിയ ആശുപത്രികളെ ആശ്രയിക്കുകയാണു ചെയ്യുക.

നാട്ടില്‍ ഇന്റര്‍വ്യു നടത്തി തിരഞ്ഞെടുക്കപ്പെടുന്നവര്‍ യുഎഇയിലെത്തി നിശ്ചിത പരീക്ഷ പാസാകണം. ചെലവ് അതതു സ്ഥാപനം വഹിക്കും. പുതിയ തീരുമാനം മൂലം കുവൈത്ത് ഏജന്‍സിസകള്‍ ഇന്ത്യന്‍ നഴ്‌സുമാരെ ഒഴിവാക്കുമെന്നു സ്വകാര്യ ഏജന്‍സികള്‍ വ്യാജപ്രചാരണം നടത്തുന്നുണ്ട്. ഏതുരാജ്യത്തുനിന്നുള്ളവരെയാണു വേണ്ടതെന്നു തീരുമാനിക്കുന്നതു കുവൈത്ത് ആരോഗ്യമന്ത്രാലയമാണ്. ഇന്ത്യക്കാരെ വേണമെന്നു മന്ത്രാലയം ആവശ്യപ്പെട്ടാല്‍ ഏത് ഏജന്‍സിയായാലും റിക്രൂട്ട് ചെയ്‌തേ മതിയാകൂ.