12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു;ഏഴ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

അസം: പത്താം ക്ലാസില്‍ പഠിക്കുന്ന 7 ആണ്‍കുട്ടികള്‍ചേര്‍ന്ന് 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരുന്ന വിദ്യാര്‍ത്ഥികളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. അസമിലെ ബിസ്വനാഥ് ജില്ലയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗോപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചക്ല ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.സംഭവത്തില്‍ ഏഴ് വിദ്യാര്‍ഥികളെയും ഞായറാഴ്ചതന്നെ പിടികൂടിയെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Loading...

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു വരുത്തിയാണ് ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് 12 വയസുകാരിയെ ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടിന് സമീപമുള്ള കാട്ടിലെ മരത്തില്‍ മൃതദേഹം കെട്ടിത്തൂക്കി. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം ഉത്തര്‍പ്രദേശിലെ അലിഗഡില്‍ അമ്മയുടെ മര്‍ദനമേറ്റ് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. 25 വയസ്സുകാരിയായ അമ്മയാണ് 6 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഹോളി ആഘോഷത്തിന് പുതിയ വസ്ത്രം വാങ്ങി നല്‍കാന്‍ ഭര്‍ത്താവ് കൂട്ടാക്കാത്തതിനാലാണ് കൊലപാതകം.പുതിയ വസ്ത്രങ്ങള്‍ വാങ്ങണമെന്ന പിങ്കി ശര്‍മയുടെ ആവശ്യം ഭര്‍ത്താവ് രാഹുല്‍ നിരസിച്ചത് ഇവര്‍ തമ്മിലുള്ള കലഹത്തിനിടയാക്കി. തുടര്‍ന്ന് പിങ്കി മകളെ മര്‍ദിച്ചു. മര്‍ദനം താങ്ങാനാവാതെ കുഞ്ഞ് മരിച്ചു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിങ്കിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് വര്‍ഷം മുമ്പാണ് പിങ്കിയുടെയും രാഹുലിന്റെയും വിവാഹം നടന്നത്. പൂട്ട് നിര്‍മാണ ഫാക്ടറി തൊഴിലാളിയാണ് രാഹുല്‍. ഇവര്‍ക്ക് മൂന്ന് വയസ് പ്രായമുള്ള ഒരു മകനുമുണ്ട്. ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടാകുക പതിവായിരുന്നുവെന്നും അതില്‍ പിങ്കി അസ്വസ്ഥയായിരുന്നുവെന്നും പോലീസ് പറഞ്ഞു.