ഒരു തേനീച്ച 18 മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളുടെ ജീവനെടുത്തു

യുമ(അരിസോണ): തേനീച്ചകളുടെ കൂട്ടമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ധാരാളം കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ സംഭവം നടാടെയാണ്. ഒരു തേനീച്ച ഇരട്ടക്കുഞ്ഞുങ്ങളുടെ ജീവന്‍ അപഹരിച്ച വിചിത്രമായൊരു കഥ അരിസോണയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. 18 മാസം മാത്രം പ്രായമുള്ള സിലാസും ഈലൈയുമാണ് ഈ വിചിത്രമായ വിധിക്ക് ഇരയായത്.

twin parents
കെസ്‌ലര്‍ കുടുംബം

കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം. തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ സ്ട്രോളറില്‍ ഇരുത്തി അരിസോണ കനാലിന്റെ അരികത്തുകൂടി നടക്കാന്‍ ഇറങ്ങിയതായിരുന്നു മാതാവ് അലെക്‌സിസ് കെസ്‌ലര്‍. അപ്പോള്‍ അതുവഴി കടന്നുവന്ന ഒരു തേനീച്ച അലെക്‌സിസിനെ ശല്യപ്പെടുത്താന്‍ തുടങ്ങി. കൂടാതെ കുട്ടികളെയും. തുടര്‍ന്ന് മാതാവ് സ്‌ട്രോളര്‍ ഹാന്‍ഡിലില്‍ നിന്ന് പിടിവിട്ട് തേനീച്ചയെ അടിച്ചകറ്റുവാന്‍ ശ്രമിച്ചു. തേനീച്ചയെ ഓടിച്ചു കഴിഞ്ഞ് കുഞ്ഞുങ്ങള്‍ ഇരുന്ന സ്ട്രോളറില്‍ പിടിക്കാന്‍ ചെന്നപ്പോള്‍ അതവിടില്ല. അപ്പോഴേക്കും പിടിവിട്ട സ്ട്രോളര്‍ കുഞ്ഞുങ്ങളുമായി കനാലിലിന്റെ അടിത്തട്ടില്‍ താണിരുന്നു. കുഞ്ഞുങ്ങള്‍ മുങ്ങിത്താഴുന്നതു കണ്ട മാതാവിന് സഹിക്കാനായില്ല. അവരും വെള്ളത്തിലേക്ക് എടുത്തുചാടി.

Loading...
twins-drown-canal
സിലാസും ഈലൈയും കൊല്ലപ്പെട്ട സ്ഥലം

സംഭവം കണ്ടുകൊണ്ട് നിന്നിരുന്ന ആരോ അപ്പോള്‍ തന്നെ വിവരം പോലീസില്‍ അറിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തി മാതാവിനെയും കുഞ്ഞുങ്ങളെയും കനാലില്‍ നിന്ന് എടുത്തു. പക്ഷെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായില്ല. അപ്പോഴേക്കും വിധി തേനീച്ചയുടെ രൂപത്തില്‍ വന്ന് സിലാസിന്റെയും ഈലൈയുടെയും ജീവന്‍ എടുത്തിരുന്നു.

Yuma Arizona Canal
യുമയിലൂടെ കടന്നുപോകുന്ന അരിസോണ കനാല്‍

ഇത്തരം വിധി ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് പോലീസ് സര്‍ജന്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് സീറ്റ്ബെല്‍റ്റ് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ അവര്‍ അതില്‍ നിന്ന് തെറിച്ചുവീണ് രക്ഷപ്പെടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങളുടെ ശവസംസ്കാര കര്‍മ്മങ്ങള്‍ക്കായി നാട്ടുകാര്‍ 20,000 ഡോളര്‍ പിരിച്ച് മാതാപിതാക്കള്‍ക്ക് നല്‍കി.

twins
സഹോദരങ്ങളായ സിലാസും ഈലൈയും