നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഔദ്യോഗിക സംഘം കുവൈത്തില്‍ ഇന്ന് ചര്‍ച്ച നടത്തും

കുവൈത്ത്‌ സിറ്റി: ഇന്ത്യയില്‍ നിന്നുള്ള നഴ്സ്‌ നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിയ സാഹചര്യത്തില്‍, അതിന്റെ നടത്തിപ്പ്‌ സംബന്ധമായ ചര്‍ച്ചകള്‍ക്ക് കുവൈത്തില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള നോര്‍ക്ക സംഘം കുവൈത്ത് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരുമായി ഇന്ന് ചര്‍ച്ച നടക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് അറിയിച്ചതാണിത്.

നഴ്സിങ് തസ്തികകളില്‍ വരുന്ന ഒഴിവുകള്‍ കുവൈത്ത്‌ അധികൃതര്‍ ഇന്ത്യന്‍ എംബസിയിലെ ഇ–മൈഗ്രേറ്റ്‌ സംവിധാനം ഉപയോഗിച്ചു നിയമനങ്ങള്‍ നടത്തേണ്ടതാണെന്നാണ് ഇന്ത്യാഗവണ്മെന്റ് നിര്‍ദേശം. ഈ മാസം 30 മുതല്‍ അത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ യോഗ്യരായ നഴ്സുമാരെ നല്‍കുക എന്നതാകും നോര്‍ക്കയുടെയും ഒഡെപെക്കിന്റെയും ചുമതലയെന്നും റാണി ജോര്‍ജ്‌ പറഞ്ഞു.

Loading...

നിലവില്‍ ആരോഗ്യമന്ത്രാലയം കുവൈത്തിലുള്ള സ്വകാര്യ ഏജന്‍സികള്‍ക്കാണു നിയമന കരാര്‍ നല്‍കുന്നത്‌. അവര്‍ ഇന്ത്യയിലെ ഏജന്‍സികള്‍ക്ക്‌ ഉപകരാര്‍ നല്‍കും. അതവസാനിപ്പിച്ച് എല്ലാം നോര്‍ക്കയിലൂടെയും ഒഡേപെകിലൂടെയും നടത്തുവാന്‍ കൗവൈത്ത് സര്‍ക്കാരിന്റെ സഹകരണം തേടുകയെന്നതും ഈ ചര്‍ച്ചയുടെ മുഖ്യവിഷയമാണ്.

ചര്‍ച്ച ഫലപ്രദമാകുകയാണെങ്കില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സംഘം വീണ്ടും കുവൈത്തില്‍ എത്തണം. സംസ്‌ഥാന തൊഴില്‍ സെക്രട്ടറി ടോം ജോസ്‌, റാണി ജോര്‍ജ്‌, നോര്‍ക്ക സിഇഒ: ആര്‍.എസ്‌. കണ്ണന്‍, ഒഡെപെക്‌ എംഡി: ജി.എന്‍. മുരളീധരന്‍ എന്നിവരാണു കേരളത്തില്‍നിന്നു ചര്‍ച്ചകള്‍ക്കായി ഇന്നലെ കുവൈത്തില്‍ എത്തിയത്‌. ഇന്ത്യന്‍ സ്‌ഥാനപതി സുനില്‍ ജെയിനുമായി ഇവര്‍ ചര്‍ച്ച നടത്തി.

സ്വകാര്യ നഴ്സിങ് ഏജെന്‍സികള്‍ നഴ്സിങ് റിക്രൂട്ട്മെന്റ് മേഖലയില്‍ നടത്തിയ ക്രമക്കേടുകള്‍ക്കൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ നഴ്സിങ് റിക്രൂട്ട്മെന്റിന്റെ ചുമതല നോര്‍ക്കയെയും ഒഡേപെകിനെയും ഏല്പ്പിച്ചത്.