പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്ത യുവാവിന്റെ ദേഹത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു

ലഖ്‌നൗ: പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ ആസിഡ് ആക്രണത്തിനിരയാക്കിയ സംഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രണയം പറഞ്ഞ് ശല്യം ചെയ്ത യുവാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം ആപൂര്‍വമാണ്. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.

പ്രണയാഭ്യര്‍ത്ഥന നടത്തി നിരന്തരം പുറകെ നടന്ന യുവാവിനോടുള്ള ദേഷ്യമാണ് പെണ്‍കുട്ടി ആസിഡ് ദേഹത്തൊഴിച്ച് തീര്‍ത്തത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. രോഹിത് യാദവ് എന്ന 24 വയസ്സുകാരനാണ് ആക്രമണത്തിന് ഇരയായത്.ക്ഷീരോല്‍പ്പന വില്‍പ്പനശാലയിലെ ശുചീകരണ തൊഴിലാളിയാണ് രോഹിത്. പ്രണയാഭ്യര്‍ഥനയുമായി രോഹിത് യുവതിയെ നിരന്തരമായി ശല്യം ചെയ്തിരുന്നു യുവാവിന്റെ ശല്യം സഹിക്കാനാകാതെയാണ് യുവതി രോഹിത്തിനെ ആക്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Loading...

ചൊവ്വാഴ്ച രാവിലെ ക്ഷീരോല്‍പാദന കേന്ദ്രത്തില്‍ ഒളിച്ചിരുന്ന യുവതി രോഹിത് വില്‍പ്പനശാലയിലേക്ക് എത്തിയതോടെ ആസിഡ് ഒഴിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്ത്, നെഞ്ച് പുറം, തോള്‍ എന്നീ ശരീരഭാഗങ്ങളില്‍ പൊള്ളലേറ്റ രോഹിത്ത് ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.അതേസമയം, യുവതിക്കെതിരെ ഇതുവരെയും രോഹിത് പരാതി നല്‍കിയിട്ടില്ലെന്നാണ് മൊറാവന്‍ പോലീസ് പറയുന്നത്. പരാതി ലഭിച്ചതിന് ശേഷം മാത്രമേ യുവതിക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുകയൂള്ളൂവെന്നും പോലീസ് വ്യക്തമാക്തി.