പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 55 വിദ്യാര്‍ഥിനികളെ അദ്ധ്യാപകര്‍ പീഡിപ്പിച്ചു

അകോല: പെണ്‍കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ പരീക്ഷകളും ഉപാധികളാക്കുന്നു. സ്കൂളുകളില്‍ പരീക്ഷയില്‍ കടന്നു കൂടണമെങ്കില്‍ അദ്ധ്യാപകരുടെ ഇംഗിതത്തിന് വഴങ്ങിക്കൊടുക്കേണ്ട ഒരു സ്ഥിതിയാണിപ്പോള്‍ പലയിടങ്ങളിലും.

പരീക്ഷയില്‍ മാര്‍ക്ക് നല്‍കി വിജയിപ്പിക്കില്ലെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് അദ്ധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിക്കാതിരിക്കണമെങ്കില്‍ അവരുടെ ഇംഗിതത്തിന് വഴങ്ങിക്കൊടുക്കണം എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി ഇവര്‍ അന്‍പത്തിയഞ്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പോലീസ് അറിയിച്ചു.

Loading...

പീഡനത്തിനിരയായ 55 വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. പെണ്‍കുട്ടികളെ പീഡിപ്പിച്ച ജവഹര്‍ നവോദയ സ്‌കൂളിലെ ബയോളജി, കെമിസ്ട്രി അദ്ധ്യാപകരായ രാജന്‍ ഗജ്ഭിയെയും ശൈലേഷ് രാംതേകയെയും പൊലീസ് തിരഞ്ഞു വരികയാണ്. പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പാളിനെ സമീപിച്ചതിനെ തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ അമരാവതി ജില്ലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇവര്‍ക്കെതിരെ സ്‌കൂളിലെ 13 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള 55 വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. അധ്യാപകര്‍ തങ്ങളോട് പലപ്പോഴും ലൈംഗികചുവയോടെ സംസാരിക്കുകയും അവയവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടികള്‍ എഴുതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

പിന്നാക്ക പ്രദേശങ്ങളില്‍ നിന്നുള്ള ദരിദ്രരായ വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഏറെയും. തങ്ങള്‍ പറയുന്ന പോലെ ചെയ്തില്ലെങ്കില്‍ മാര്‍ക്ക് നല്‍കില്ലെന്ന് പറഞ്ഞാണ് അദ്ധ്യാപകര്‍ ലൈംഗീകമായി പീഡിപ്പിച്ചുവന്നതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

മഹാരാഷ്ട്ര വനിതാ കമ്മീഷന്റെ ഇടപെടല്‍ മൂലമാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാല്‍ അടിയന്തര പിടിഎ യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ വനിതാ കമ്മീഷനിലും പരാതി നല്‍കി. വനിതാ കമ്മീഷന്‍ അംഗങ്ങളും സബ് ഡിവിഷണല്‍ ഓഫീസറും സംഭവം നടന്ന സ്‌കൂള്‍ സന്ദര്‍ശിച്ചു.തുടര്‍ന്നാണ് 359 വിദ്യാര്‍ഥികളില്‍ നിന്ന് തെളിവെടുപ്പ് നടത്തി കേസ് ചാര്‍ജ് ചെയ്തത്.

സ്‌കൂളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവരെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നായി വനിതാ കമ്മീഷന്‍ അംഗം ആശ മിര്‍ഗെ പറഞ്ഞു. ഇതിനിടെ, സംഭവത്തില്‍ പ്രകോപിതരായ രക്ഷകര്‍ത്താക്കള്‍ അദ്ധ്യാപകര്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു