നാട്ടുകാര്‍ ഓടിച്ച പുലി, ഓടിക്കയറിയത് 70 അടി പൊക്കമുള്ള പനയില്‍

പേടിച്ചു വിരണ്ട മിണ്ടാപ്രാണി മരത്തിനുമുകളില്‍ ഇരുന്നത് 14 മണിക്കൂറോളം. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നും സിംലിപാല്‍ കടുവാ സങ്കേതത്തില്‍ നിന്നുമായി 70ഓളം ഉദ്യോഗസ്ഥര്‍ പുലിയെ താഴെയിറക്കാന്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നു. (വീഡിയോ കാണാം).

ഭുവനേശ്വര്‍: ഇന്ത്യന്‍ സംസ്ഥാനമായ ഒഡീഷയിലെ ഒരു അതിര്‍ത്തി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം പുലിയിറങ്ങി. വനമേഖലകളോട് ചേര്‍ന്നുള്ള ജനആവാസ കേന്ദ്രങ്ങളില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്ഥിരം സംഭവങ്ങളാണ്. ആളപായമൊന്നും ഉണ്ടായില്ല എങ്കിലും മണിക്കൂറുകളോളം നാട്ടുകാര്‍ ഭീതിയുടെ മുള്‍മുനയിലായിരുന്നു.  ഒടുവില്‍ 70 അടി പൊക്കമുള്ള പനയില്‍ പുലി ഓടിക്കയറി.

ബലേശ്വര്‍ ജില്ലയിലെ സരസ്വതിപൂര്‍ ഗ്രാമത്തിലാണ് സംഭവം. വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമാണിത്. തിങ്കളാഴ്ച രാവിലെ കൃഷിഭൂമിയില്‍ കാണപ്പെട്ട പുലിയെ നാട്ടുകാര്‍ ചേര്‍ന്ന് ഓടിക്കുകയായിരുന്നു. എന്നാല്‍ ഇവന്‍ ഓടിക്കയറിയതാകട്ടെ സമീപത്തെ പനയിലും. പേടിച്ച് അരണ്ട മൃഗം, 14 മണിക്കൂറോളം മരത്തിന്റെ മുകളില്‍ തന്നെയിരുന്നു.

Loading...

വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നും സിംലിപാല്‍ കടുവാ സങ്കേതത്തില്‍ നിന്നുമായി 70ഓളം ഉദ്യോഗസ്ഥര്‍ പുലിയെ താഴെയിറക്കാന്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നു. എന്നാല്‍ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ ഇരുട്ടുവീണു കഴിഞ്ഞപ്പോള്‍ താഴെയിറങ്ങിയ പുലി, കാട്ടിലേയ്ക്ക് ഓടിമറയുകയും ചെയ്തു.