ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം തിരുവനന്തപുരത്ത് പിടിയില്‍; സംഘത്തില്‍ സിനിമ സീരിയല്‍ താരങ്ങളും.

ആഡംബര വീടുകള്‍ വാടകയ്ക്ക് എടുത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ സംഘം തിരുവനന്തപുരത്ത് പിടിയില്‍; ഓണ്‍ലൈനിലൂടെ ഇടപാടുകള്‍ നടത്തുന്ന സംഘത്തില്‍ സിനിമ സീരിയല്‍ താരങ്ങളും ഉള്ളതായി പോലീസ് നിഗമനം.

തിരുവനന്തപുരം: ഐടി നഗരം കേന്ദ്രീകരിച്ച് വീടുകള്‍ വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തുന്ന പെണ്‍വാണിഭ സംഘവുമായി ചില ഉന്നതര്‍ക്ക് ബന്ധമുന്നെ് സൂചന. കഴിഞ്ഞ ദിവസം റെയ്ഡില്‍ പിടിക്കപ്പെട്ട യുവതികള്‍ സിനിമ സീരിയല്‍ രംഗത്തുള്ളവരെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കൂടാതെ ചില രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ചും ആക്ഷേപമുയര്‍ന്നതോടെ പോലീസ് കടുത്ത സമ്മര്‍ദ്ദം നേരിടുകയാണ്. ടെക്‌നോപാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി പോങ്ങറ എന്ന സ്ഥലത്തെ വാടക വീട്ടിലാണ് പെണ്‍വാണിഭസംഘം കേന്ദ്രീകരിച്ചിരുന്നത്.

കൂടാതെ കിന്‍ഫ്ര പാര്‍ക്കിനടുത്ത് മേനംകുളത്തെ വാടകവീടും ഇവര്‍ താവളമാക്കിയിരുന്നു. ആയിരക്കണക്കിന് വരുന്ന യുവതീ യുവാക്കളെ വലയിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളും ടെക്കികളുമടങ്ങുന്ന യുവാക്കളെ ചൂഷണം ചെയ്താണ് പെണ്‍വാണിഭസംഘം ലക്ഷങ്ങള്‍ നേടിയത്. അന്യജില്ലക്കാരായ യുവതികളെയാണ് കഴക്കൂട്ടത്തെ കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരിക്കുന്നത്. ഹോം നഴ്‌സിന്റെ പേരില്‍ ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ട് പല യുവതികളെയും ഇവര്‍ വലയിലാക്കിയെന്നും പറയുന്നു.

Loading...

സീരിയല്‍ രംഗത്തെ മൂന്നോളം പേര്‍ ഇവരുടെ കേന്ദ്രത്തില്‍ നിത്യസന്ദര്‍ശകരായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കേസ് അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയാല്‍ ഉന്നതതല ബന്ധങ്ങള്‍ ഏറെക്കുറെ പുറത്താകുമെന്നിരിക്കെ പെണ്‍വാണിഭ സംഘത്തിനുവേണ്ടി രാഷ്ട്രീയ സമ്മര്‍ദ്ദമുയര്‍ന്നത് പോലീസിനെ കുഴയ്ക്കുന്നു.

മുന്തിയ ഇനം കാറുകളില്‍ ഫ്‌ളാറ്റുകളിലും മറ്റും യുവതികളെ കൊണ്ടുപോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും ആവശ്യക്കാരാണെന്ന വ്യാജേന സംഘവുമായി ബന്ധപ്പെട്ട് ഇവരെ കുടുക്കുകയായിരുന്നു. വീട്ടുജോലിക്ക് ആളെ നല്‍കുന്ന സ്ഥാപനമെന്ന മറവിലും ഇവര്‍ ഏറെനാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഹോംനഴ്‌സിംഗും, ഹോം സ്റ്റേയും മറയാക്കി ഇത്തരത്തില്‍ നിരവധി സംഘങ്ങള്‍ കഴക്കൂട്ടത്ത് കേന്ദ്രീകരിച്ചതായാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

പാലക്കാട് സ്വദേശിയായ യുവതിയുടെ വെളിപ്പെടുത്തലിങ്ങനെ: വീട്ടിലെ സാഹചര്യം മോശമായതിനാല്‍ ഏജന്റ് മുഖാന്തരം വീട്ടുജോലിക്കായാണ് തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ ഹോം നഴ്‌സിംഗിന്റെ മറവില്‍ നടത്തുന്ന അനാശാസ്യത്തിലേയ്ക്ക് അകപ്പെട്ടുപോയതാണെന്നും യുവതി മൊഴി നല്കി. കഴിഞ്ഞദിവസം പിടിയിലായ യുവതികളില്‍ മൂന്നുപേര്‍ ഇത്തരത്തില്‍ സംഘത്തിലകപ്പെട്ടതായാണ് പോലീസും പറയുന്നത്.

ടെക്‌നോപാര്‍ക്ക് പരിസരത്ത് പ്രത്യക്ഷപ്പെടുന്ന ഹോം സ്റ്റേ ഹോസ്റ്റലുകള്‍ ദുരുപയോഗം ചെയ്തുകൊാണ്ടാണ് വാണിഭസംഘം പ്രവര്‍ത്തനം തുടങ്ങുന്നത്. താമസവും ഭക്ഷണവും നല്‍കാമെന്ന് പരാമര്‍ശിക്കുന്ന പോസ്റ്ററുകളില്‍ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുകയും ഇതിന്റെ പ്രതികരണമെന്നോണം ബന്ധപ്പെടുന്ന യുവാക്കളെ ഇവര്‍ കേന്ദ്രത്തിലെത്തിച്ച് വലയിലാക്കുന്നതുമാണ് പതിവ്. ഇത്തരത്തില്‍ ഇരുപത്തിരണ്ടോളം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

പിടിയിലായ വീട്ടമ്മയും യുവാവുമാണ് ഈ സംഘത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്. നഗരത്തിലെ ഒരു ഹോട്ടലും അനാശാസ്യത്തിന് ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. മേനംകുളത്തിനടുത്ത് വാടകവീട്ടില്‍ നടന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വിവാദമായതോടെയാണ് പോലീസ് നടപടിയെടുക്കാന്‍ തുടങ്ങിയത്. നാലോളം യുവതികള്‍ താമസിക്കുന്ന ഇവിടെ രാത്രികാലങ്ങളില്‍ സന്ദര്‍ശകര്‍ പതിവായതാണ് നാട്ടുകാര്‍ പരാതി ഉന്നയിക്കാന്‍ കാരണമായത്.