ജല്ലിക്കെട്ടിനിടെ അപകടം ; കാളയുടെ കുത്തേറ്റ് 14 കാരന് ദാരുണാന്ത്യം

ചെന്നൈ: ജല്ലിക്കെട്ടിനിടെ ഉണ്ടായ അപകടത്തിൽ 14 വയസ്സുകാരന് ജീവൻ നഷ്ടമായി. തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ നടന്ന ജെല്ലിക്കെട്ടിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ഗോകുൽ എന്ന കുട്ടിയാണ് കാളയുടെ കുത്തേറ്റ് മരിച്ചത്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വർഷം മരിക്കുന്ന നാലാമത്തെ ആളാണ് ഗോകുൽ.

തടങ്ങം ഗ്രാമത്തിൽ നടന്ന ജല്ലിക്കെട്ടിനിടെയാണ് സംഭവം. ജെല്ലിക്കെട്ട് നടക്കുമ്പോൾ നിയന്ത്രണം വിട്ട കാള ​ഗോകുലിന് നേരെ ഓടിയടുക്കുകയായിരുന്നു. ​ഗോകുലിന്റെ വയറ്റിലാണ് കാള കുത്തിയത്. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ധർമ്മപുരിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോകുൽ മരിച്ചു. കുട്ടിക്ക് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ ജെല്ലിക്കെട്ടിന്റെ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

Loading...

അഞ്ചു ദിവസം മുൻപ് മധുര പാലേമേട് നടന്ന ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരണപ്പെട്ടിരുന്നു. മധുര സ്വദേശി അരവിന്ദ രാജന്നാളാണ് മരിച്ചത്. ഒന്‍പത് കാളകളെ പിടിച്ച് മല്‍സരത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കെയാണ് കാളയുടെ കുത്തേറ്റത് മരിച്ചത്. ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ 32 ഓളം പേർക്ക് പരിക്കേറ്റിരുന്നു.

ഈ മാസം 16 ന് ട്രിച്ചിയിൽ നടന്ന ജല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു സ്ത്രീയും മരിച്ചു. ട്രിച്ചി സൂര്യയൂരിൽ ജല്ലിക്കെട്ട് കാണാനെത്തിയ ജ്യോതി ലക്ഷ്മിയാണ് മരിച്ചത്. കാഴ്ചക്കാർക്ക് ഇടയിലേക്ക് കാള ഓടി കയറിയാണ് അപകടമുണ്ടായത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ഉണ്ടായി.