ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ വിചാരണ വ്യാഴാഴ്ച തുടങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. കേസില്‍ വിചാരണ വ്യാഴാഴ്ച തന്നെ തുടങ്ങുന്നതില്‍ തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യാഴാഴ്ച ആദ്യം വിസ്തരിക്കുക കേസിലെ ഒന്നാം സാക്ഷിയെയാണ്. എന്നാല്‍ കുറ്റം ചുമത്തിയതിനെതിരെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.വിചാരണ നടപടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ സ്‌റ്റേ ദിലീപ് ആവശ്യപ്പെട്ടിട്ടില്ല.

അതേസമയം കേസിലെ ഒരു നിയമപ്രശ്‌നമാണ് ദിലീപിന്റെ അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ ഉയര്‍ത്തിയത്. കേസിലെ പ്രതികള്‍ ദിലീപിനെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതിനെതിരേ ദിലീപ് നല്‍കിയ കേസും ദിലീപ് പ്രതിയായ കേസും വ്യത്യസ്തമായി പരിഗണിക്കണമെന്നാണ് അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യമാണ് കോടതി വിധി പറയാന്‍ മാറ്റിയത്. അതേസമയം ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്നും അത്തരത്തിലൊരു കേസില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. വിചാരണ കോടതി കുറ്റം ചുമത്തിയപ്പോള്‍ സംഭവിച്ച പിഴവാണിതെന്നും പോലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള കുറ്റപത്രത്തില്‍ ഇക്കാര്യമില്ലെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Loading...

ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന ഭാഗം മാറ്റാന്‍ തയ്യാറാണെന്നും വ്യാഴാഴ്ച ഇതിനായി പ്രത്യേക അപേക്ഷ നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ വിടുതല്‍ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. കേസില്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേതിരേയാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തിയിരുന്നത്. ആറ് മാസത്തിനുള്ളില്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസില്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയതിനു ദിലീപിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. കേസിലെ പത്താംപ്രതി വിഷ്ണു സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി തള്ളി. ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ വിചാരണ നടപടികള്‍ പത്തു ദിവസം നിര്‍ത്തിവെക്കണമെന്ന ദിലീപിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞമാസം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടപടികള്‍ വേഗത്തിലാക്കവെയാണ് ദിലീപും വിഷ്ണുവും പുതിയ ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയത്. രണ്ടു ഹര്‍ജികളും കോടതി തള്ളിയ സാഹചര്യത്തില്‍ വിചാരണ നടപടികളിലേക്ക് കോടതി കടക്കും. തിങ്കളാഴ്ച പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തും. എല്ലാ പ്രതികളും അന്ന് കോടതിയില്‍ ഹാജരാകും.

കേസിലെ നിര്‍ണയാക തെളിവായ നടി ആക്രമിക്കപ്പെടുന്ന വീഡിയോ പ്രതികള്‍ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്നും വീഡിയോ ആധികാരികമല്ല എന്നുമാണ് ദിലീപ് വാദിച്ചത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളും പ്രതികളുടെ ഹര്‍ജിയിലുണ്ടായിരുന്നു. തുടര്‍ന്ന് അടച്ചിട്ട മുറിയിലാണ് വ്യാഴാഴ്ച കോടതി വാദം കേട്ടത്. പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രതിഭാഗത്തിന്റെ വാദം കേട്ട ശേഷം വിധി പറയാന്‍ ശനിയാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.