നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി ആയ വിഷ്ണുവിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. സമൻസ് അയച്ചിട്ടും വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് വിഷ്ണുവിനെതിരെ നടപടി. കേസിൽ പത്താം പ്രതി ആയിരുന്ന വിഷ്ണു തനിക്കറിയാവുന്ന വിവരങ്ങൾ കൈമാറാമെന്ന് പറഞ്ഞു പിന്നീട് മാപ്പുസാക്ഷി ആവുകയായിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനി നടൻ ദിലീപിനോട് പണം ആവശ്യപ്പെട്ട് ജയിലിൽ വച്ച് കത്തെഴുതിയതിന് വിഷ്ണു സാക്ഷിയായിരുന്നു. പിന്നീട് ജയിലിൽ നിന്നിറങ്ങിയ വിഷ്ണു കത്തിൻ്റെ പകർപ്പ് ദിലീപിൻ്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിക്ക് വാട്സപ്പ് വഴി അയച്ചു നൽകി പണം ആവശ്യപ്പെടുകയായിരുന്നു. ആകെ 11 പ്രതികളുള്ള കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.

കേസിൽ വിചാരണ നേരിടുന്ന പ്രത്യേക കോടതി വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടിയിരുന്നു. കേസ് പരിഗണിക്കുന്ന സ്‌പെഷൽ ജഡ്ജ് ഹണി എം വർഗീസാണ് സുപ്രിംകോടതിക്ക് കത്തയച്ചത്. നിലവിലെ ലോക്ഡൗൺ അടക്കമുള്ള സാഹചര്യങ്ങൾ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടൻ പൂർത്തിയാക്കാൻ കഴിയില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്‌പെഷൽ ജഡ്ജ് കത്തയച്ചിരിക്കുന്നത്. ചില നടീനടന്മാരെ സാക്ഷിയായി വിസ്തരിക്കാൻ സമയമെടുക്കുമെന്നും സുപ്രിംകോടതി അറിയിച്ചു.

Loading...

ഫെബ്രുവരി 17, 2017 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ അതിക്രമിച്ച് കയറിയ സംഘ൦ താരത്തെ അക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. ഇതേ തുടർന്ന് നടി പൊലീസിൽ പരാതിപ്പെട്ടു. ഫെബ്രുവരി 19 ന് നടിയെ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാൻ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്. ഇതേ ദിവസമാണ് സിനിമാപ്രവർത്തകർ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്.