പാക്കിസ്ഥാന്‍ ആകാശം ഇന്ത്യക്ക് മുമ്പില്‍ കൊട്ടിയടച്ചതോടെ ഇന്ത്യന്‍ ആകാശത്ത് വിമാനങ്ങളുടെ കൂട്ടപ്പാച്ചില്‍… കൂട്ടിയിടി പേടിച്ചു അന്താരാഷ്ട്ര വിമാന കമ്പനികള്‍…

പാക്കിസ്ഥാന്‍ ആകാശം ഇന്ത്യക്ക് മുമ്പില്‍ കൊട്ടിയടച്ചതോടെ ഇന്ത്യന്‍ ആകാശത്ത് വിമാനങ്ങളുടെ കൂട്ടപ്പാച്ചില്‍. വിമാനങ്ങളുടെ കൂട്ടിയിടി പേടിച്ചു അന്താരാഷ്ട്ര വിമാന കമ്പനികള്‍..

മുംബൈയില്‍ ആകാശത്ത് എത്തിഹാദും എയര്‍ ഫ്രാന്‍സും കൂട്ടിയിടിക്കാതെ രക്ഷപെട്ടത് സെക്കന്റുകളുടെ വ്യത്യാസത്തില്‍. ഓട്ടോ സുരക്ഷാ സംവിധാനം വിമാനങ്ങളെ പരസ്പ്പരം അകറ്റിയിരുന്നില്ലെങ്കില്‍ അനേകരുടെ ജീവന്‍ പൊലിഞ്ഞേനേ .

Loading...

ഇന്ത്യാ- പാക്കിസ്ഥാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സാഹചര്യം രാജ്യത്തെ വിമാനയാത്രികരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള യുദ്ധസമാനമായ സാഹചര്യം അവസാനിക്കാത്തതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര വ്യോമപാതയില്‍ പാക്കിസ്ഥാന്‍ വഴിയുള്ള ആകാശപാത അടയ്ക്കപ്പെട്ടത്.

ഇതോടെ ഇന്ത്യയുടെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ പറന്നു പൊങ്ങുന്നത് കടുത്ത എയര്‍ ട്രാഫിക്കിലൂടെയാണ്. ഇത് മൂലം അപകടം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്.

പാക്കിസ്ഥാന്‍ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് മുംബൈയ്ക്കുമുകളില്‍ ആകാശപാതയില്‍ രൂപപ്പെട്ട ഗതാഗതത്തിരക്ക് അപകട ഭീഷണി ഉയര്‍ത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ തലനാരിഴയ്ക്കാണ് കൂട്ടിയിടിയില്‍നിന്ന് രക്ഷപ്പെട്ടത്.

ഹോചിമിന്‍ സിറ്റിയില്‍നിന്ന് പാരീസിലേക്ക് പോവുകയായിരുന്ന എയര്‍ ഫ്രാന്‍സിന്റെ ബോയിങ് 777 വിമാനവും അബുദാബിയില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന എത്തിഹാദിന്റെ എയര്‍ബസ് 320 വിമാനവുമാണ് കൂട്ടിയിടിയുടെ വക്കില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വിമാനങ്ങള്‍ മുഖാമുഖം തൊട്ടടുത്ത് എത്തിയത്. എയര്‍ഫ്രാന്‍സ് വിമാനം മുംബൈ വിമാനത്താവളത്തിന് 32,000 അടി ഉയരെയും എത്തിഹാദ് വിമാനം 31,000 അടി ഉയരെയും വട്ടമിട്ട് പറക്കുകയായിരുന്നു. എത്തിഹാദ് വിമാനത്തിന് 33,000 അടി ഉയരത്തേക്ക് പറക്കാന്‍ ഉച്ചയ്ക്ക് 1.40-ഓടെ മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് നിര്‍ദ്ദേശം ലഭിച്ചു.

മുകളിലേക്ക് കുതിക്കുന്നതിനിടെയാണ് ഈ വിമാനം എയര്‍ ഫ്രാന്‍സ് വിമാനത്തിന് തൊട്ടടുത്തെത്തിയത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ വെറും മൂന്ന് നോട്ടിക്കല്‍മൈല്‍ അകലെയെത്തിയപ്പോള്‍ ഇരുവിമാനങ്ങളും കൂട്ടിയിടി ഒഴിവാക്കാനുള്ള ടി.സി.എ.എസ്. സംവിധാനം പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. അതോടെ വിമാനങ്ങള്‍ പരസ്പരം അകന്നു.

എത്തിഹാദ് വിമാനത്തിന് അപകടത്തിലേക്ക് നയിക്കുമായിരുന്ന നിര്‍ദ്ദേശം നല്‍കിയ മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുമുണ്ട്. ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 27 മുതല്‍ പാക്കിസ്ഥാന്‍ രാജ്യാന്തരവിമാനങ്ങള്‍ക്കുമുന്നില്‍ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്.

പിന്നീട് ഇത് തുറക്കുമെന്ന് പലവട്ടം പ്രഖ്യാപിച്ചുവെങ്കിലും തുറന്നില്ല. ഏഴ് തവണ പാക്കിസ്ഥാന്‍ തിയതി മാറ്റിക്കഴിഞ്ഞു. തിങ്കളാഴ്ച തുറക്കുമെന്നാണ് ഒടുവില്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കുമോ എന്നറിയേണ്ട സാഹചര്യവുമുണ്ട്.

പാക് വ്യോമപാത അടച്ചതോടെ ഇന്ത്യന്‍ വ്യോമപാതയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിമാനങ്ങളുടെ ആധിക്യം മൂലം ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ നിന്ന് യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള പല അന്താരാഷ്ട്ര സര്‍വീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്.