കേരളത്തില്‍ ബിയറിനും, വിദേശമദ്യത്തിനും തീവില; സര്‍ക്കാരിന്റെ വരുമാനം 10,000 കോടിയിലധികം

തിരുവനന്തപുരം: മലയാളികളുടെ പ്രധാന ആഘോഷങ്ങളില്‍ ചിലതായ ഈസ്റ്ററിന്റെയും വിഷുവുവിന്റെയും സമയത്തുതന്നെ ബാറുകള്‍ അടപ്പിച്ച് സര്‍ക്കാര്‍ മദ്യവില്പനയുടെ കുത്തക അവകാശം എറ്റെടുത്തു. അതോടൊപ്പം എക്സൈഡ്യൂട്ടി ഉയര്‍ത്തി ബിയറിന്റെയും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെയും വില ഉയര്‍ത്തി. കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മദ്യവില്പനയിലൂടെ സര്‍ക്കാറിന്റെ വരുമാനം 10,000 കോടി രൂപ കവിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിയറിന് പത്തുരൂപവരെയും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 50 രൂപയുടെയും വര്‍ധനവാണുണ്ടായത്. മദ്യത്തിന്മേലുള്ള എക്‌സൈസ് ഡ്യൂട്ടി 108 ശതമാനത്തില്‍ നിന്നും 158 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ പുതുക്കിയ മദ്യവില ഷോപ്പുകള്‍ക്കും വെയര്‍ ഹൗസുകള്‍ക്കും കൈമാറിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതലാണ് നിരക്ക് വര്‍ധന നിലവില്‍ വന്നത്.

Loading...

ഏപ്രില്‍ ഒന്ന് ഡ്രൈ ഡേ ആയതിനാല്‍ ഷോപ്പുകളും വെയര്‍ഹൗസുകളും അവധിയായിരുന്നു. ബുധനാഴ്ച മുതല്‍ കൂടിയ നിരക്ക് ഈടാക്കും.
അതോടൊപ്പം ബാറുകള്‍ പൂട്ടിയത് ബിവറേജസ് ഷോപ്പുകളിലെ വില്പന ഇരട്ടിയാക്കിയിട്ടുണ്ട്.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനം 10,615 കോടി രൂപയാണ്. ബാറുകള്‍ പൂട്ടിയതോടെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലെ വില്പനയാണ് കൂടിയിട്ടുള്ളത്.

2013-14 സാമ്പത്തികവര്‍ഷത്തെ വരുമാനം കഴിഞ്ഞ ഫെബ്രുവരിയില്‍ കോര്‍പ്പറേഷന്‍ മറികടന്നിട്ടുണ്ട്. മാര്‍ച്ചിലെ വില്പന കൂടി കണക്കിലെടുക്കുമ്പോള്‍ വരുമാനം ഇനിയും ഉയരും. 31 ലെ വില്പനയ്ക്ക് ശേഷം ഷോപ്പുകളും വെയര്‍ഹൗസുകളും തുറന്നിട്ടില്ല. അവധി ദിനങ്ങള്‍ കഴിയുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച കണക്കുകള്‍ കൂടി വ്യക്തമാകും.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ 9309 കോടി രൂപയുടെ വിറ്റുവരാണ് ബിവറേജസ് കോര്‍പ്പറേഷന്‍ നേടിയത്. ഇതില്‍ നികുതിയിനത്തില്‍ 7575 കോടി രൂപ ഖജനാവിലേക്കെത്തി.കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒരു കോടി ഏഴുലക്ഷം കെയ്‌സ് ബിയറാണ് കോര്‍പ്പറേഷന്‍ വിറ്റത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം മൂന്നുകോടി 48 ലക്ഷം കെയ്‌സുകളും ചെലവായി.

418 ബാറുകള്‍ പൂട്ടിയത് ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. പുറമെ സര്‍ക്കാര്‍ മദ്യത്തിന് വില വര്‍ധിപ്പിക്കുകയും ചെയ്തതും വരുമാനം ഉയര്‍ത്തി. പുതിയ മദ്യനയപ്രകാരം 10 ശതമാനം ഷോപ്പുകള്‍ അടച്ചെങ്കിലും കോര്‍പ്പറേഷന്റെ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. അടുത്ത വര്‍ഷം ഈ വകയിലുള്ള സര്‍ക്കാര്‍ വരുമാനം ഇതിന്റെ മൂന്നിരട്ടിയായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍