യെമനില്‍ വിദേശികള്‍ക്ക് അന്ത്യശാസനം: അഞ്ചുദിവസത്തിനുള്ളില്‍ രാജ്യം വിടണം

തിരുവനന്തപുരം: ആഭ്യന്തരകലാപം കരയുദ്ധത്തിലേക്ക് തിരിയുന്ന സാഹചര്യത്തില്‍ രാജ്യത്തുള്ള വിദേശികള്‍ എല്ലാവരും ഉടനെ രാജ്യം വിടണമെന്ന് യെമന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. രാജ്യം വിടേണ്ട വിദേശികള്‍ വിമാനത്താവളങ്ങളില്‍ എത്തണമെന്നും യാത്രാരേഖകളും പാസ്‌പോര്‍ട്ടും ഇല്ലാത്തവര്‍ക്കും സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രാലയം വ്യക്‌തമാക്കി.

യാത്രാ രേഖകളില്ലാത്തവര്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നു ഇന്ത്യന്‍ എംബസിയും അറിയിച്ചു. അതിനിടെ, യെമനില്‍നിന്നുള്ള യാത്രക്കാരുമായി രണ്ടാമത്തെ എയര്‍ ഇന്ത്യ വിമാനം ഇന്നലെ കൊച്ചിയില്‍ എത്തി. മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു തിരുവനന്തപുരത്ത്‌ ഉന്നതതലയോഗം ചേരും.

Loading...

വ്യോമാക്രമണത്തിനു പിന്നാലെ സൗദിയുടെ നേതൃത്വത്തിലുള്ള അറബ്‌ സഖ്യകക്ഷികള്‍ യെമനില്‍ കരയുദ്ധത്തിനും പദ്ധതിയിടുന്നുണ്ട്‌. ആഭ്യന്തരപ്രശ്‌നങ്ങള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യെമന്‍ വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ പറഞ്ഞു. അഞ്ചു ദിവസത്തിനുള്ളില്‍ ആക്രമണമുണ്ടായാല്‍ വിദേശികള്‍ക്കു രാജ്യം വിടാനുള്ള സാധ്യത കുറയുമെന്നും എല്ലാ രാജ്യങ്ങളുടെയും എംബസികളെ വിവരമറിയിച്ചിട്ടുണ്ടെന്നും യെമന്‍ അറിയിച്ചു.

4,500 ഇന്ത്യക്കാര്‍ ഇനിയും യെമനിലുണ്ടെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. മതിയായ യാത്രാരേഖകള്‍ ഇല്ലാത്തവരും അവരില്‍ ഉള്‍പ്പെടും.

അതിനിടെ, ഏദനില്‍നിന്നുള്ള നാവികസേനയുടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ അറിയിച്ചു. ഇന്നലെ രാവിലെ ഏഡനില്‍നിന്നുള്ള 441 യാത്രക്കാരുമായി ഐ.എന്‍.എസ്‌. മുംബൈ ജിബൂട്ടിയിലെത്തി. ഐ.എന്‍.എസ്‌. തര്‍ക്കാഷ്‌ യുദ്ധക്കപ്പലിന്റെ അകമ്പടിയോടെയായിരുന്നു ഐ.എന്‍.എസ്‌. മുംബൈയുടെ യാത്ര. കപ്പലില്‍ ഇന്ത്യക്കാരെ കൂടാതെ 17 രാജ്യങ്ങില്‍നിന്നുള്ള 179 പേരുമുണ്ടായിരുന്നു. കനത്ത ആക്രമണം നടക്കുന്നതിനിടെ ശനിയാഴ്‌ച രാത്രി ഓപ്പറേഷന്‍ “രാഹതി”ലൂടെയാണ്‌ ഇന്ത്യക്കാരെ ഏഡനില്‍നിന്നു രക്ഷപ്പെടുത്തിയതെന്നു വിദേശകാര്യ വക്‌താവ്‌ സയീദ്‌ അക്‌ബറുദ്ദീന്‍ പറഞ്ഞു.

ഷിയ ഹൂദി വിമതര്‍ക്കെതിരേ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണം ശക്‌തമാക്കിയ പശ്‌ചാത്തലത്തില്‍ കടുത്ത വെല്ലുവിളി അതിജീവിച്ചാണു രക്ഷാപ്രവര്‍ത്തനമെന്ന്‌ ഇന്ത്യന്‍ നാവികസേന അറിയിച്ചു. ചെറിയ കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച്‌ കരയില്‍നിന്ന്‌ കപ്പലിലേക്ക്‌ ആളുകളെ എത്തിച്ചാണ്‌ ഐ.എന്‍.എസ്‌. മുംബൈ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

ഏദന്‍ തുറമുഖത്തേക്ക്‌ ഐ.എന്‍.എസ്‌. മുംബൈയ്‌ക്ക്‌ അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കരയില്‍നിന്ന്‌ അഞ്ചുകിലോമീറ്റര്‍ അകലെയാണു ഐ.എന്‍.എസ്‌. മുംബൈ നങ്കൂരമിട്ടത്‌. യെമനിലെ അല്‍ മക്കല്ല തുറമുഖത്തുനിന്ന്‌ 204 ഇന്ത്യക്കാരുമായി ഇന്ത്യന്‍ കപ്പല്‍ ഐ.എന്‍.എസ്‌. സുമിത്ര ജിബൂട്ടിയിലേക്കു തിരിച്ചിട്ടുണ്ട്‌. 352 പേരുമായി എയര്‍ ഇന്ത്യാ വിമാനം ഇന്ത്യയിലേക്കു പുറപ്പെട്ടിട്ടുണ്ട്‌. ഇതു കൂടാതെ രണ്ടു വ്യോമസേനാ വിമാനങ്ങളിലായി അഞ്ഞൂറോളം പേരെ മുംബൈയിലെത്തിച്ചു. പതിനൊന്ന്‌ ഇന്ത്യക്കാരെ രക്ഷിച്ചതായി പാകിസ്‌താന്‍ അറിയിച്ചു. 148 പാക്‌ പൗരന്മാര്‍ക്കൊപ്പം 35 വിദേശ പൗരന്മാരെയാണു പാക്‌ നാവികസേന രക്ഷിച്ചത്‌. യെമന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയില്‍നിന്നു പാക്‌ നാവികസേനയുടെ കപ്പലിലാണ്‌ ഇവരെ പുറത്തെത്തിച്ചതെന്നും ഏഴിനു കറാച്ചിയിലെത്തുമെന്നും പാകിസ്‌താന്‍ അറിയിച്ചു.

യെമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന്‌ റെഡ്‌ ക്രോസ്‌ ആവശ്യപ്പെട്ടു. യുദ്ധമേഖലയിലുള്ളവര്‍ക്ക്‌ വൈദ്യസഹായവും ഭക്ഷണവും എത്തിക്കാന്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ്‌ റെഡ്‌ക്രോസിന്റെ ആവശ്യം. യെമനില്‍ സമാധാനം പുനഃസ്‌ഥാപിക്കാന്‍ ഐക്യരാഷ്‌ട്രസഭ രക്ഷാസമിതി ഇടപെടണമെന്ന നിലപാടുമായി റഷ്യ രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച്‌ രക്ഷാസമിതിയില്‍ റഷ്യ പ്രമേയം അവതരിപ്പിച്ചു. യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു സഹായം എത്തിക്കാനും നയതന്ത്രപ്രതിനിധികളെയും വിദേശപൗരന്മാരെയും സുരക്ഷിതമായി രക്ഷപ്പെടുത്താനും സാഹചര്യമൊരുക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. പത്തുദിവസത്തിനിടെ യെമനില്‍ എണ്ണൂറിലേറെപ്പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണു ഐക്യരാഷ്‌ട്രസഭയുടെ കണക്ക്‌.

193 ഇന്ത്യക്കാരുടെ സംഘം ശനിയാഴ്‌ച കൊച്ചിയിലെത്തിയിരുന്നു. ഇന്നലെ 670 ഇന്ത്യക്കാരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ തിരികെയെത്തിച്ചിരുന്നു. ഇതോടെ തിരികെയെത്തിയവരുടെ എണ്ണം 2,300 ആയി. ഓപ്പറേഷന്‍ രാഹത്തില്‍ പങ്കാളിയായ എയര്‍ഇന്ത്യയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്‌ അഭിനന്ദിച്ചു. സനായില്‍നിന്നു മൂന്നു സര്‍വീസുകളാണു എയര്‍ഇന്ത്യ നടത്തിയത്‌. 488 ഇന്ത്യക്കാരെ സനായില്‍നിന്നു രക്ഷിച്ചു. ആഷ്‌ ഷിഹറില്‍നിന്നാണു 182 ഇന്ത്യക്കാരെ രക്ഷിച്ചത്‌. മറ്റുള്ളവര്‍ വിദേശികളാണ്‌. എയര്‍ ഇന്ത്യയുടെ മൂന്നു വിമാനങ്ങള്‍ക്കു സനാ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ട്‌. കൂടുതല്‍ യാത്രക്കാരെ രക്ഷിക്കാന്‍ ഇതു സഹായകരമാകുമെന്നാണു പ്രതീക്ഷ. ഇന്നലെ രാത്രി 9.45നാണു സനയില്‍നിന്നു ജിബൂട്ടിയില്‍ എത്തിച്ച
യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള എയര്‍ഇന്ത്യ 777 ബോയിങ്‌ വിമാനം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്‌. 332 യാത്രക്കാരുമായെത്തിയ വിമാനത്തില്‍നിന്നു 185 പേര്‍ കൊച്ചിയിലിറങ്ങി. ബാക്കിയുള്ള 147 പേരുമായി വിമാനം മുംെബെക്കു പോയി. കൊച്ചിയില്‍ ഇറങ്ങിയതില്‍ 32 പേര്‍ തമിഴ്‌നാട്‌ സ്വദേശികളാണ്‌. കര്‍ണാടക സ്വദേശികളായ നാലുപേരും പുതുച്ചേരിയില്‍നിന്നുള്ള ഒരാളും തിരിച്ചെത്തിയവരിലുണ്ട്‌. ശേഷിക്കുന്ന 148 പേര്‍ മലയാളികളാണ്‌. ഇതോടെ യെമനില്‍നിന്നു തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 469 ആയി. തിരികെയെത്തിയവരെ ലക്ഷ്യസ്‌ഥാനങ്ങളിലെത്തിക്കാന്‍ രണ്ടു കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ്‌ നടത്തി. മന്ത്രി കെ.സി. ജോസഫ്‌, അന്‍വര്‍ സാദത്ത്‌ എം.എല്‍.എ., ബി.ജെ.പി. നേതാവ്‌ കെ. സുരേന്ദ്രന്‍ എന്നിവര്‍ യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

യെമനിലെ എംബസിയിലേക്ക്‌ രണ്ടു ജീവനക്കാരെ കൂടുതല്‍ നിയോഗിച്ചിട്ടുണ്ടെന്ന്‌ അറിയിപ്പു ലഭിച്ചതായി മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു. വിമാനത്താവളത്തിലേക്കും തുറമുഖത്തേക്കും എത്താന്‍ യാത്ര ചെയ്യേണ്ടി വരുന്നവരാണ്‌ ഇപ്പോള്‍ ദുരിതം അനുഭവിക്കുന്നത്‌. ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്‌. കേന്ദ്രസഹമന്ത്രി വി.കെ .സിങ്‌ സനായില്‍ എത്തിയതോടെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

യെമനിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന്‌ ഉച്ചക്ക്‌ 12.30-ന്‌ നിയമസഭാ ചേംബറിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേരും. യെമനില്‍ നിന്ന്‌ ആളുകളെ മടക്കിക്കൊണ്ടു വരുന്നകാര്യത്തില്‍ പുരോഗതിയുണ്ട്‌. അല്‍തോറ ആശുപത്രി അടക്കമുള്ള ചില ആശുപത്രികളില്‍നിന്ന്‌ ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ അടിയന്തരമായി മടക്കി വാങ്ങാനും ഇവരെ നാട്ടിലേക്ക്‌ അയയ്‌ക്കാനും ഇടപെടണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രിമാരോടും ഇന്ത്യന്‍ എംബസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്‌.