മരിക്കാനായി കിതയ്ക്കുന്ന നമ്മുടെ തപാൽ ഓഫീസുകൾ, എന്തുകൊണ്ടിങ്ങനെ?

മരിക്കാനായി കിതയ്ക്കുകയാണ്‌ ഗ്രാമങ്ങളിൽ പല തപാലാപ്പീസും? എന്തൊകൊണ്ടിങ്ങനെയാകുന്നു? ഇമെയിലും, മൊബൈലും, വാട്സപ്പും ഉള്ളപ്പോൾ നമുക്ക് എന്തിന്‌ തപാലാപ്പീസ് എന്ന് ചോദിക്കാം. കാലം മാറുന്നതനുസരിച്ച് നമ്മുടെ തപാൽ സംവിധാനം മാറ്റാതിരുന്നതുകൊണ്ടാണീ ചോദ്യം. എല്ലാ വിദേശ രാജ്യത്തും പോലീസ് ക്ലിയറൻസ്, ബില്ലുകൾ, ബാങ്കിടപാടുകൾ, തുടങ്ങി അർദ്ധ ജുഡീഷ്യൽ അധികാരത്തോടെ തപാൽ വകുപ്പ് തിളങ്ങി നില്ക്കുന്നു. എന്തിനധികം പാസ്പോർട്ട് കിട്ടാനും പുതുക്കാനും വരെ തപാലാപ്പിസ്സാണ്‌ പാശ്ചാത്യ നാടുകളിൽ. തപാലാപ്പീസ് നമുക്ക് കൊണ്ടുവന്ന സായിപ്പ് അവരുടെ നാട്ടിൽ അതിനേ അടിമുടി മാറ്റിയപ്പോൾ നമ്മൾ ചിതലെടുത്തും തുരുമ്പ് പിടിച്ചും അതിനേ നിർത്തുന്നു.

indian-post-office-condition

Loading...

തപാൽ വകുപ്പിനെ ഇല്ലാതാക്കാൻ ഉദ്യോഗസ്ഥർ ഗൂഢശ്രമം നടത്തുന്നു. ബ്രട്ടീഷുകാരുടെ കാലം മുതൽക്കേ അത്യധികം വിശ്വാസതയോടെയും, കൃത്യതയോടെയും പ്രവർത്തിച്ചു വരുന്നതാണ് ഭാരതീയ തപാൽ വകുപ്പ്.  എന്നാൽ ഇപ്പോൾ ഉരുപ്പടികളും, പണവും, കത്തുകളും ബോധപൂർവ്വം മേൽവിലാസക്കാരന് സമയത്ത് നൽകാതെ വകുപ്പിന്റെ വിശ്വാസ്യത തകർക്കുകയാണ് ഒരു കൂട്ടം ഉദ്യോഗസ്ഥർ. സ്വകാര്യ സ്ഥാപനങ്ങൾക്ക് ലാഭമുണ്ടാക്കുന്നതിനു വേണ്ടിയാണ് അവരുടെ ഏജൻറുമാരായ ചില ഉദ്യോഗസ്ഥർ തപാൽ വകുപ്പിനെ തകർക്കാൻ കരാറെടുത്തിരിക്കുന്നത്.

വ്യാപകമായ പരാതികൾ ആണ് അതിനൂതന സംവിധാനങ്ങൾ ഉള്ള ഇക്കാലത്തും തപാൽ വകുപ്പിനെ കുറിച്ചുള്ളത്. കർഷക തൊഴിലാളി പെൻഷൻ ഉൾപ്പടെയുള്ള ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിൽ കാര്യമായ വീഴ്ച വരുത്തിയതിനാൽ 43% പേർക്ക് പണം ഇതു വരെ ലഭിച്ചില്ലെന്ന് കേരള സർക്കാർ തന്നെ കണ്ടെത്തിട്ടുണ്ട്. ഞെട്ടിക്കുന്ന കണക്കാണിത്. ലക്ഷക്കണക്കിന് വയോവൃദ്ധരാണ് ഈ തട്ടിപ്പിന് ഇരയായത്. സ്വകാര്യ ബാങ്കുകളെ സഹായിക്കാൻ വേണ്ടിയാണ് ഈ വീഴ്ച. പെൻഷൻ ബാങ്കുവഴി ആക്കണം എന്ന മുറവിളി ചില കോണിൽ നിന്നുയർന്നിട്ടുള്ളത് ഇതുമായി കൂട്ടി വായിക്കണം.

indian-post-office

കോടതികളിൽ നിന്നും മറ്റും ദൈനം ദിനം അയക്കുന്ന നോട്ടീസുകളും മറ്റും കൃത്യമായി നൽകാത്തതുകൊണ്ട് കോടതി നടപടിക്രമങ്ങളിൽ തടസം നേരിടുന്നുണ്ട്.  തൊട്ടടുത്ത തപാൽ ഓഫീസിലേക്ക് ഉളളതു വരെ അഞ്ചോ ആറോ ദിവസം കഴിഞ്ഞാണ് നൽകുന്നത്. പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുവാൻ വകുപ്പ് വിമുഖത കാണിക്കുന്നു എന്ന് പ്രമുഖ പ്രസാധകർ വരെ പരാതി പറഞ്ഞു തുടങ്ങിയിട്ടുണ്ട്.  സ്വകാര്യ കുറിയർ സർവ്വീസുകാരെ സഹായിക്കുവാൻ വേണ്ടിയാണ് ഈ കള്ളക്കളി .

ഒരു കാലത്ത് പോസ്റ്റ്മാൻ വീട്ടിലെ ഒരംഗത്തെ പോലെ ആയിരുന്നു. എന്നാൽ പിന്നീട് ഫോൺ, ഫാക്സ്, ഇ മെയിൽ, കുറിയർ തുടങ്ങിയവ വന്നതോടെ പലരും തപാൽ വകുപ്പിനെ ആശ്രയിക്കാതെയായി. പക്ഷെ നവീകരണത്തിലൂടെയും, വൈവിധ്യ വത്കരണത്തിലൂടെയും പിടിച്ചു നിൽക്കാൻ വകുപ്പ് നടത്തി വരുന്ന ആത്മാർത്ഥ ശ്രമമാണ് ചില ഉദ്യോഗസ്ഥർ അച്ചാരം വാങ്ങി ഇല്ലാതാക്കുന്നത്.

തപാൽ വകുപ്പിനും, അത് നൽകുന്ന സേവനത്തിനും, ഉറപ്പിനും, വിശ്വാസ്യതക്കും പകരം വെക്കാൻ  മറ്റൊന്നില്ല. ഉണ്ടാവാനും പോകുന്നില്ല.  ചെറുതായെങ്കിലും ഒന്നു പ്രതികരിക്കാൻ മടി കാണിച്ചാൽ ഈ പൈതൃക സ്വത്തും എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും.