അജയ് വി. ജോര്‍ജ്: പ്രവാസി മലയാളികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് ചീര്‍ത്തുവീര്‍ത്തവന്‍

കൊച്ചി: മണലാരാണ്യങ്ങളിലും മറ്റ് വിദേശനാടുകളിലും കഷ്ടപ്പെട്ടുണ്ടാക്കിയ അനേകരുടെ അദ്ധ്വാനഫലം കൊള്ളയടിച്ച് കുറെക്കാലം രാജാവായി വിലസിയ ഫ്ലാറ്റ് തട്ടിപ്പ് കേസ് പ്രതിയാണ് അജയ് ജോര്‍ജ്. നാല് പില്ലറുകള്‍ പണിത് ഫ്ലാറ്റുമോഹികളുടെ പണം വഞ്ചിച്ചെടുത്ത ഇദ്ദേഹം ഒളിച്ചിരുന്ന മാളത്തില്‍നിന്ന് പോലീസ് പുകച്ചു പുറത്തുചാടിച്ചു. കഴിഞ്ഞദിവസമായിരുന്നു അറസ്റ്റ്. ഭാര്യ ഇപ്പോഴും എവിടെയോ ആരുടെയൊക്കെയോ സംരക്ഷണയില്‍ സുഖമായിരിക്കുന്നു.

താരപ്പകിട്ടാർന്ന ജീവിതത്തിൽ നിന്ന് അഴിക്കുള്ളിൽ കിടന്ന് നക്ഷത്രമെണ്ണുന്ന ഗതികേടിലെത്തിയ കോടീശ്വരന്റെ കഥയാണ് അജയ് ജോർജിന്റേത്. കർണാടകയിലെ ബെളഗാവിയിൽ നിന്ന് അറസ്റ്റിലായ സ്റ്റാർ ഹോംസ് എംഡി അജയ് വി. ജോർജിന്റേത് ആരെയും അമ്പരപ്പിക്കുന്ന വളർച്ചയായിരുന്നു. അത്ര തന്നെ അമ്പരപ്പിക്കുന്നതാണ് വീഴ്ചയും. ഫ്ളാറ്റ് തട്ടിപ്പ് കേസിൽ രണ്ടു വർഷത്തെ ഒളിവുജീവിതത്തിനു ശേഷമാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

Loading...

കോഴഞ്ചേരിയിലെ പ്രമുഖ ക്രിസ്ത്യൻ കുടുംബത്തിലാണ് അജയ് ജനിച്ചത്. പിതാവ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണ്. പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് കുടുംബം എറണാകുളത്തേക്ക് താമസം മാറ്റിയിട്ട് വർഷങ്ങളായി. എറണാകുളത്താണ് അജയ് പഠിച്ചതും വളർന്നതും. സ്കൂളിലും കോളേജിലും മിടുക്കനായിരുന്നു. എല്ലാവരോടും മാന്യമായും സ്നേഹത്തോടെയുമാണ് പെരുമാറ്റം. എത്ര ദേഷ്യപ്പെടുന്നവരോടും വിനീതമായും മധുരമായും സംസാരിക്കാനുള്ള കഴിവാണ് ഏത് വീഴ്ചയിലും അജയ്ക്ക് സഹായമായത്. ദൈവ ഭക്തനാണ്. വലുതായപ്പോഴും പരാതിക്കാരെ അടക്കി നിർത്തിയത് ഈ സംഭാഷണ പാടവമാണ്.

സഹപാഠികൾക്കും അധ്യാപകർക്കും പ്രിയങ്കരനായ വിദ്യാർത്ഥിയിൽ നിന്ന് വ്യവസായിയിലേക്കുള്ള വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷമുള്ള തൊഴിൽ അന്വേഷണ കാലത്താണ് റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് അജയ് കണ്ണുവയ്ക്കുന്നത്. 1980കളിൽ ബ്രോക്കറായും ഏജന്റായും കളം പിടിച്ച അജയ് റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ സകല പിന്നാമ്പുറങ്ങളും ഹൃദിസ്ഥമാക്കി. കമ്മിഷൻ കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകില്ലെന്നായപ്പോഴാണ് സ്വന്തം നിലയ്ക്ക് ബിസിനസ് തുടങ്ങാൻ നിശ്ചയിച്ചത്. പി.എ.സജീദ് അബൂബക്കർ എന്നയാളായിരുന്നു കൂട്ട്. കുടുംബസ്വത്തും ബിസിനസിൽ നിന്നുള്ള ലാഭവും ഉപയോഗിച്ച് എറണാകുളം ജില്ലയിലെ പലയിടങ്ങളിലായി ഭൂമി വാങ്ങിക്കൂട്ടി.

കൊച്ചിയിലെ വിപണി മനസിലാക്കിയ ഇരുവരും ഫ്ളാറ്റ് നിർമ്മിക്കാൻ തീരുമാനിച്ചു. സജീദ് എൻജിനിയറിംഗ് ബിരുദധാരിയാണ്. സജീദിനെ മുൻനിറുത്തി സർട്ടിഫിക്കറ്റുകൾ ശരിയാക്കിയെടുത്തു. ഇരുവരും ചേർന്ന് ‘സ്റ്റാർ ഹോംസ്” കമ്പനി തുടങ്ങി. അജയ് ജോർജ് പ്രൊപ്പറൈറ്ററായി. എൺപതുകളുടെ അവസാനം സ്റ്റാർ ഹോംസ് നിർമ്മാണ രംഗത്തേക്ക് ചുവടുവച്ചു. പറഞ്ഞ സമയത്ത് ഫ്ളാറ്റുകൾ പൂർത്തിയാക്കി സ്റ്റാർ ഹോംസ് തുടക്കത്തിലേ വിശ്വാസ്യത പുലർത്തി. മികച്ച ബിൽഡർമാരെണെന്ന് തെളിയിച്ചതോടെ പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം വാങ്ങാൻ ആളുണ്ടായി.

കൊച്ചിയിലെ കണ്ണായ സ്ഥലങ്ങളിലെല്ലാം സ്റ്റാർ ഹോംസിന്റെ ഫ്ളാറ്റുകൾ ഉയർന്നു. ഇടപ്പള്ളി, തേവര, കടവന്ത്ര, തൃപ്പൂണിത്തുറ, ആലുവ എന്നിവിടങ്ങളിലെല്ലാം ഫ്ളാറ്റുകൾ കെട്ടിപ്പൊക്കി സ്റ്റാർ ഹോംസ് കേരളത്തിലെ പ്രധാന ബിൽഡർമാരായി പേരെടുത്തു. പത്രദൃശ്യ മാധ്യമങ്ങളിൽ പരസ്യം ചെയ്ത് ഉപഭോക്താക്കളെ ഒപ്പം നിറുത്തി. പ്രവാസി മലയാളികളെയാണ് ഇവർ പ്രധാനമായും ഉന്നം വച്ചത്. താരതമ്യേന ചെറിയ വിലയായതിനാൽ സ്റ്റാർ ഹോംസിന്റെ ഫ്ളാറ്റുകൾക്ക് പ്രവാസി മലയാളികൾക്കിടയിൽ ഡിമാന്റ് കൂടി.

ഇടപ്പള്ളിയിലെ സ്റ്റാർ എൻക്ളേവിൽ തൊട്ടടുത്ത വില്ലകളിലാണ് അജയ് ജോർജും സജീദും താമസിക്കുന്നത്. പണത്തിന്റെ കുത്തൊഴുക്കിൽ ഇരുവരുടെയും സൗഹൃദം ഉലഞ്ഞു. സജീദിന്റെ ഓഹരികളെല്ലാം അജയ് തന്റെ പേരിലാക്കി. 16 വർഷത്തെ ബിസിനസ് സൗഹൃദം 2005ൽ അവസാനിപ്പിച്ചു. പ്രൊപ്പറൈറ്റർ ആയതിനാൽ നിയമനടപടികൾ എളുപ്പമായിരുന്നു. ഭാര്യ വിജയ വർഗീസിനെ പുതിയ പാർട്ണറാക്കി. അന്നുമുതലാണ് സ്റ്റാർ ഹോംസിനും അജയ് ജോർജിനും അടി തെറ്റി തുടങ്ങിയത്.

ആലുവ കീഴ്മാടിലെ 2.35 ഏക്കർ സ്ഥലത്ത് ‘സ്റ്റാർ കൗണ്ടി പ്രൊജക്ട്” 2007ലാണ് പ്രഖ്യാപിച്ചത്. 2009ൽ തീർത്തുതരുമെന്ന് പറഞ്ഞ് 287 പേരിൽ നിന്നായി ഏതാണ്ട് 45 കോടി രൂപ സ്റ്റാർ ഹോംസ് സമാഹരിച്ചു. ജീവനക്കാരെ ഒഴിവാക്കി പലപ്പോഴും അജയ് നേരിട്ട് ഉപഭോക്താക്കളുമായി സംസാരിച്ചു. പദ്ധതിയുടെ പേരിൽ നിരവധി പരസ്യങ്ങളും നൽകി. 25 ലക്ഷം രൂപ മുതലുള്ള തുകയ്ക്ക് ഫ്ളാറ്റ് കിട്ടുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പ്രവാസികളുടെ ഒഴുക്കായിരുന്നു. പൈലിങ് ഘട്ടമെത്തിയപ്പോൾ നിർമ്മാണം നിലച്ചു. പണി തീരാത്തതിനെ കുറിച്ച് ചോദിച്ചവരോട് പല കാരണങ്ങളാണ് പറഞ്ഞത്. ഇതോടെയാണ് ആക്ഷൻ ഫോറം രൂപീകരിച്ച് നിക്ഷേപകർ കേരള ലീഗൽ സർവീസസ് അതോറിറ്റിയെ (കെൽസ) സമീപിച്ചത്. പക്ഷേ കെൽസയുടെ ഉത്തരവ് ഫലത്തിൽ ബിൽഡറെ സഹായിക്കുന്നതായിരുന്നു. എന്നാൽ, നിശാന്തിനി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറായി കൊച്ചിയിൽ ചാർജ്ജെടുത്തതിനു ശേഷമാണ് അജയ് ജോർജ്ജിനെതിരെ കടുത്ത നടപടി സ്വീകരിച്ചതെന്ന് ആക്ഷൻ ഫോറം കൺവീനർ തോമസ് സക്കറിയ ‘കേരളകൗമുദി ഫ്ളാഷി”നോട് പറഞ്ഞു.

2012ൽ സൗത്ത് സ്‌റ്റേഷനിൽ 17 പരാതികൾ ലഭിച്ചു. പൊലീസ് ഇടപെടലിനെത്തുടർന്ന് ബുക്കിങ് കാൻസൽ ചെയ്തു തുക മടക്കിക്കൊടുക്കാമെന്നു കമ്പനി സമ്മതിച്ചിരുന്നു. അതിനു പിന്നാലെ കെൽസയുടെ ഉത്തരവെത്തി. നിക്ഷേപകർക്കു നൽകാനുള്ള തുക മാസംതോറും നൽകാമെന്നും 2013 ഡിസംബറിൽ അവസാന ഗഡുവും നൽകി കേസ് തീർക്കാമെന്നും കമ്പനി സമ്മതിച്ചു. പക്ഷെ സ്റ്റാർ ഹോംസ് പണം മടക്കിക്കൊടുത്തില്ല. ഇതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട അജയ് ജോർജ് ഒളിവിൽ പോവുകയായിരുന്നു. ഭൂമി വിറ്റ് കടങ്ങൾ തീർക്കാനുള്ള സാമ്പത്തിക ഭദ്രത ഇപ്പോഴും ഉണ്ടെങ്കിലും അതിന് അജയ് തയ്യാറാകുന്നില്ല.

രണ്ടു വർഷമായി അജയ് ബാംഗ്ളൂരിലുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ.ജി.ജെയിംസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് സൗത്ത് എസ്.ഐ വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കർണാടകയിലെത്തിയത്. പൊലീസ് വരുന്നതറിഞ്ഞ് അജയ് താവളം മാറ്റി. ബാംഗ്ളൂരിൽ നിന്നു ബെളഗാവിയിലേക്കു കടന്നു. പൊലീസ് എത്തിയപ്പോൾ അവിടെനിന്നും മുങ്ങാൻ ശ്രമിച്ചു. അജയ് ജോർജിന്റെ കാർ തിരിച്ചറിഞ്ഞ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബിസിനസ് പാർട്ണർ കൂടിയായ ഭാര്യ ഇപ്പോഴും ഒളിവിലാണ്.

ഇവനെ കുടുക്കുവാന്‍ സഹായിച്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നിശാന്തിനിയെയും, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി ജെയിംസിനെയും പ്രശംസിക്കാതെ തരമില്ല.