നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി മാനിക്കുന്നു; പ്രതികരണവുമായി പ്രിയ വര്‍ഗീസ്

കൊച്ചി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പ്രിയ വര്‍ഗീസ്. കോടതി വിധിയെ മാനിക്കുന്നുവെന്ന് പ്രീയ പറഞ്ഞു. തുടര്‍ നടപടികള്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് വിധി വന്നതിന് തൊട്ടുപിന്നാലെ പ്രിയ വര്‍ഗീസ് പ്രതികരിച്ചത്. യുജിസി നിബന്ധനകള്‍ മറികടക്കാനാകില്ലെന്നും, യുജിസി റെഗുലേഷനാണ് പ്രധാനമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടേഷന്‍ അധ്യാപന പരിചയമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും രണ്ടാം റാങ്കുകാരനായ പ്രൊഫ ജോസഫ് സ്‌കറിയയുടെ ഹര്‍ജി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അദ്ധ്യാപകരെന്നും കോടതി പറഞ്ഞു.

Loading...

അധ്യാപക ജോലി ചെയ്യാത്തവരെ അദ്ധ്യാപന പരിചയമുള്ളവരായി പരിഗണിക്കാനാകില്ല. തുടര്‍ച്ചയായുള്ള അധ്യാപന പരിചയം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്ക് ആവശ്യമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഗവേഷണ കാലയളവില്‍ പ്രിയയ്ക്ക് അദ്ധ്യാപന പരിചയം ലഭിച്ചോ എന്നും കോടതി ആരാഞ്ഞു.

യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും, പട്ടികയില്‍ നിന്ന് പ്രിയ വര്‍ഗീസിനെ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ജോസഫ് സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചത്. യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാന്‍ ആവുകളുള്ളൂവെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.