പുഷ്പ 2 എവിടെ; തെരുവിലിറങ്ങി പ്രതിഷേധിച്ച് ആരാധകർ

അല്ലു അര്‍ജുന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു 2021-ല്‍ പുറത്തിറങ്ങിയ പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. ഭാഷയുടെയും രാജ്യത്തിന്റെയും അതിര്‍ വരമ്പുകള്‍ ഭേദിച്ച് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നായിരുന്ന പുഷ്പ.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് അല്ലു അര്‍ജുന്‍ ആരാധകരും സിനിമാ പ്രേമികളും. പുഷ്പ: ദി റൂളിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അപ്ഡേറ്റുകളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഇത് ആരാധകര്‍ക്കിടയില്‍ വലിയ നിരാശയാണ് സമ്മാനിച്ചത്. ഇപ്പോള്‍, പുഷ്പ 2-ന്റെ നിര്‍മ്മാണ കമ്പനിയോടും അണിയറ പ്രവര്‍ത്തകരോടും പ്രതിഷേധം അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ് വിവിധ ഇടങ്ങളില്‍ നിന്നുള്ള അല്ലു അര്‍ജുന്‍ ആരാധകര്‍.

Loading...

ചിത്രത്തെപ്പറ്റിയുള്ള അപ്ഡേറ്റ് ആവശ്യപ്പെട്ടു കൊണ്ടാണ് കേരളത്തില്‍ നിന്നടക്കമുള്ള ആരാധകര്‍ ബാനറുകളുമായി തെരുവിലിറങ്ങിയത്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, യുഎഇ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ആരാധകരാണ് തെരുവിലിറങ്ങി പ്രതിഷേധം അറിയിച്ചത്. നിര്‍മാതാക്കളില്‍ ഒരാളായ ഗീതാ ആര്‍ട്സിന്റെ ഓഫീസിന്റെ മുന്നിലും ആരാധകര്‍ ധര്‍ണ നടത്തി. ഇനിയും ചിത്രത്തിന്റെ അപ്‌ഡേറ്റ് നല്‍കിയില്ല എങ്കില്‍ മൈത്രി സിനിമയുടെ ഓഫീസിന് മുന്നിലും ധര്‍ണ നടത്തുമെന്ന് അല്ലു അര്‍ജുന്‍ ആരാധകര്‍ പറയുന്നത്.