അരുവിത്തുറ പള്ളിയില്‍ കതിന പൊട്ടി 14 പേര്‍ക്ക് പരുക്ക്

കോട്ടയം: അരുവിത്തുറ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിനിടെ അപകടത്തില്‍ പോലീസുകാരനുള്‍പ്പെടെ 14 പേര്‍ക്കു പരുക്ക്‌. വൈക്കം പോലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ കെ.എം. മാത്യു(40), തീക്കോയി തെങ്ങണാശേരി കുര്യച്ചന്റെ മകന്‍ അമല്‍ കുര്യന്‍(25), നെടുങ്കണ്ടം ചെമ്മണ്ണാര്‍ ആലുമൂട്ടില്‍ സിബിയുടെ മകന്‍ അലന്‍(15), മണിമല കരിക്കാട്ടൂര്‍ ജോസ്‌(55), കൊച്ചുകരോട്ട്‌ ടോം, മണിമല പൂവകുളത്ത്‌ ജോസ്‌(60), അരുവിത്തുറ കരോട്ടുപുള്ളോലില്‍ അലന്‍(17), തീക്കോയി ചൊവ്വാത്തുകുന്നേല്‍ ജിയോ(17), തൂവേലിയില്‍ ജിയോ റോയി, ജോസ്‌, അലക്‌സ്, ഇടുക്കി സ്വദേശികളായ പാണ്ടിപ്പാറ തറയില്‍ ബെന്നി(49), മേരിഗിരി തൈപ്പറമ്പില്‍ മധു(40), തട്ടാരുപറമ്പില്‍ ജോണ്‍സണ്‍ ഐസക്‌(48), കടപ്ലാക്കല്‍ മജോ (37)എന്നിവര്‍ക്കാണു പരുക്കേറ്റത്‌.

ഗുരുതരമായി പരുക്കേറ്റ അമല്‍ കുര്യന്‍, ജോസ്‌, അലക്‌സ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമല്‍ കുര്യന്റെ രണ്ടുകാലുകളും തകര്‍ന്നു. കെ.എം. മാത്യുവിനെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലും മറ്റുള്ളവരെ ഈരാറ്റുപേട്ടയിലെയും ഭരണങ്ങാനത്തെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 നായിരുന്നു അപകടം. മുന്‍ വര്‍ഷങ്ങളിലെ പതിവു തെറ്റിച്ച്‌ പെരുന്നാളിനോടനുബന്ധിച്ചു മൈതാനത്തു നടത്തിയിരുന്ന വെടിക്കെട്ട്‌ പള്ളിക്കു മുന്‍വശത്തേക്കു മാറ്റിയതാണ്‌ അപകട കാരണമായി പറയുന്നത്‌.

Loading...

ആദ്യ രണ്ടു സെറ്റ്‌ വെടിക്കെട്ടിനുശേഷം മൂന്നാമത്തെ സെറ്റ്‌ ആരംഭിച്ച ഉടനെയായിരുന്നു ദുരന്തം. വെടിക്കെട്ടിന്‌ അവസാനം പൊട്ടിക്കാന്‍ വച്ചിരുന്ന കതിനയ്‌ക്കു തീപിടിച്ച്‌ ആള്‍ക്കൂട്ടത്തിനിടയില്‍ വീഴുകയായിരുന്നുവെന്നു പോലീസ്‌ പറഞ്ഞു. കതിന പൊട്ടിത്തെറിച്ചതോടെ ആളുകള്‍ ചിതറിയോടിയതു പലര്‍ക്കും പരുക്കേല്‍ക്കാന്‍ കാരണമായതായി പറയുന്നു. അപകടമുണ്ടായ ഉടന്‍ പോലീസും ഫയര്‍ഫോഴ്‌സും രംഗത്തെത്തി ആളുകളെ സ്‌ഥലത്തുനിന്നു മാറ്റുകയും ബാക്കി പടക്കങ്ങള്‍ നിര്‍വീര്യമാക്കുകയും ചെയ്‌തു