ബാര്‍കോഴ യു.ഡി.എഫിനൊരു കീറാമുട്ടി; കോണ്‍ഗ്രസ്സില്‍ ശക്തമായ ഗ്രൂപ്പ് പോര്

തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് ശക്തമാകുന്നു. കെ എം മാണിയുമായി ബന്ധപ്പെട്ട ബാര്‍കോഴ വിവാദം യുഡിഎഫിനു പുതിയ തലവേദനയായി മാറിയിരിക്കുകയാണ്. ബാര്‍കോഴ വിവാദത്തില്‍ മുഖ്യമന്ത്രി ഇന്നലെ കെ എം മാണിയെ അനുകൂലിച്ചത്‌ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ്‌ പോരിന്‌ തുടക്കമിടുന്നതായിട്ടാണ്‌ റിപ്പോര്‍ട്ട്‌.

മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയെ ഒറ്റപ്പെടുത്താനുള്ള നീക്കമായിട്ട്‌ വായിക്കപ്പെടുന്നത്‌ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിലേക്ക്‌ നയിക്കുന്നതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Loading...

മാണിക്കെതിരേ എഫ്‌ഐആര്‍ സമര്‍പ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച ചെയ്‌ത ശേഷമാണ്‌ എടുത്തത്‌. എന്നിട്ടും ഒന്നും അറിയാത്തത്‌ പോലെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്‌താവന ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന്‌ മുന്നറിയിപ്പ്‌ ഐ ഗ്രൂപ്പ്‌ നല്‍കികഴിഞ്ഞു.

തനിക്കെതിരേ കേസ്‌ എടുത്ത നടപടി അനാവശ്യവും കോണ്‍ഗ്രസ്‌ നേതാക്കളെ ഒഴിവാക്കിയത്‌ ഇരട്ടത്താപ്പാണെന്നും കഴിഞ്ഞദിവസം മാണി നടത്തിയ പ്രതികരണത്തെ തുടര്‍ന്നാണ്‌ വിവാദത്തിന്‌ തുടക്കമായത്‌. ഈ വിഷയത്തില്‍ ഇന്നലെ മാണിയെ പിന്താങ്ങി മുഖ്യമന്ത്രി രംഗത്ത്‌ എത്തുകയും ചെയ്‌തിരുന്നു. വിദേശത്തു നിന്നും തിരിച്ചെത്തിയതിന്‌ പിന്നാലെ കെ എം മാണിക്കെതിരേ കേസ്‌ എടുത്ത നടപടി അനാവശ്യമാണെന്ന്‌ ഇന്നലെ മുഖ്യമന്ത്രിയും പറഞ്ഞു. ഇതോടെ ആഭ്യന്തര വകുപ്പിനെ തള്ളിക്കൊണ്ടുള്ള നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന ആരോപണവുമായിട്ടാണ്‌ ഐ ഗ്രൂപ്പ്‌ രംഗത്ത്‌വന്നത്‌.