കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ആര്‍എസ്എസിനെ നേരിട്ട് രംഗത്തിറക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പദ്ധതി തയ്യാറാക്കുന്നു. ശൂന്യതയില്‍ നിന്ന് അത്ഭുതം സൃഷ്ടിക്കണമെന്നാണ് ബിജെപി സംസ്ഥാനനേതൃത്വത്തിന് ദേശീയ അധൃക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം.  ജമ്മു കശ്മീരില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാനാകുമെങ്കില്‍ എന്തു കൊണ്ട് ബിജെപിക്ക് കേരളത്തില്‍ അതിന് കഴിയില്ലെന്ന് അമിത് ഷാ ചോദിച്ചു.

ബിജെപി കേരള ഘടകത്തിലെ രൂക്ഷമായ വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ 18 മണ്ഡലങ്ങളുടെ മേല്‍നോട്ടം ആര്‍എസ്എസ് നേരിട്ട് ഏറ്റെടുക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിച്ചു ചേര്‍ത്ത സംസ്ഥാന നേതാക്കളുടെ യോഗത്തിലാണു തീരുമാനം. കീഴ്úവഴക്കം ലംഘിച്ച് ആര്‍എസ്എസ് സംസ്ഥാന സഹപ്രാന്ത പ്രചാരക് കെ.കെ. ബാലറാം ബിജെപി ആസ്ഥാനത്തു ചേര്‍ന്ന നേതൃയോഗത്തില്‍ പങ്കെടുത്തു. വിഭാഗീയതയുടെ പേരില്‍ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് പക്ഷങ്ങളെ യോഗത്തില്‍ അമിത് ഷാ നിശിതമായി വിമര്‍ശിച്ചു.

Loading...

പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഉള്‍പാര്‍ട്ടി തര്‍ക്കങ്ങള്‍ മാറ്റിവച്ച് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ ഉള്‍പാര്‍ട്ടി തര്‍ക്കങ്ങളെല്ലാം മാറ്റിവെക്കണം. പരസ്പരം പോരടിക്കുന്നതിനു പകരം പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.

തിരഞ്ഞെടുപ്പുകളില്‍ നിരന്തരം പരാജയപ്പെട്ടിട്ടും വിഭാഗീയത അവസാനിപ്പിക്കാന്‍ സംസ്ഥാന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തിലാണ് ആര്‍എസ്എസ് നേതൃത്വം തിരഞ്ഞെടുപ്പു ചുമതല ഏറ്റെടുക്കണമെന്ന് അമിത് ഷാ അഭ്യര്‍ഥിച്ചത്. ഇരുവിഭാഗങ്ങളും പരസ്പരം കാലുവാരുന്ന സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ഥികളെ രക്ഷിക്കാന്‍ സംസ്ഥാന ആര്‍എസ്എസ് ഘടകം രംഗത്തുണ്ടാകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ബിജെപിക്കു ശക്തമായ മല്‍സരം കാഴ്ചവയ്ക്കാന്‍ കഴിയുന്ന 18 മണ്ഡലങ്ങളിലേക്ക് ഉചിതരായ സ്ഥാനാര്‍ഥികളെ ഈ മേയ് മാസത്തോടെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അമിത് ഷാ നിര്‍ദേശിച്ചു. ആര്‍എസ്എസ് നേതൃത്വവുമായി കൂടിയാലോചിച്ചാകും സ്ഥാനാര്‍ഥി നിര്‍ണയം.തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിലും ആര്‍എസ്എസ് നേതാക്കളാകും ചുക്കാന്‍ പിടിക്കുക. ബിജെപിക്കു പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികളാണ് അനുയോജ്യരെങ്കില്‍ അവരെയും നേരത്തേ നിശ്ചയിച്ചു പ്രവര്‍ത്തനം തുടങ്ങണമെന്നു നിര്‍ദേശിച്ചു. എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനകളുടെ നോമിനികള്‍ക്കും വിജയസാധ്യതയുള്ള സീറ്റു നല്‍കും. കലാ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെയും പരിഗണിക്കും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം കാഴ്ചവച്ച യുവനേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവരും മുന്‍ അധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, പി.എസ്. ശ്രീധരന്‍ പിള്ള, സി.കെ. പത്മനാഭന്‍ നിലവിലെ അധ്യക്ഷന്‍ വി. മുരളീധരന്‍ തുടങ്ങിയവരും മല്‍സരിക്കണമെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം. ഒ. രാജഗോപാലിനു താല്‍പര്യമുണ്ടെങ്കില്‍ പ്രായാധിക്യം കണക്കിലെടുക്കാതെ അദ്ദേഹത്തെ വീണ്ടും സ്ഥാനാര്‍ഥിയാക്കും. അരുവിക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപി ശക്തമായ മല്‍സരത്തിനു തയാറെടുക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുകയാണെങ്കില്‍ ബിജെപി ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ ശുപാര്‍ശ. അരുവിക്കരയില്‍ സിപിഎമ്മിനെ പരോക്ഷമായി സഹായിക്കാനായി ദുര്‍ബല സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം നീക്കം നടത്തുന്നതായി ആര്‍എസ്എസ് നേതൃത്വത്തിനു സൂചന ലഭിച്ചിട്ടുണ്ട്.

ശ്രദ്ധ കേന്ദ്രീകരിക്കാനായി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച 18 നിയമസഭാ മണ്ഡലങ്ങള്‍ നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, പാറശാല, ആറന്മുള, അടൂര്‍, കാഞ്ഞിരപ്പള്ളി, കുന്നമംഗലം, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കോങ്ങാട്, കാസര്‍കോട്, മഞ്ചേശ്വരം എന്നിവയാണ്.

തദ്ദേശഭരണനിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നോടിയായി കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിരന്തരം പര്യടനം നടത്തും. അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ രൂപ രേഖ തയ്യാറാക്കാനായി ദില്ലിയില്‍ അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരുളീധരന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ പങ്കെടുത്തു. പാര്‍ട്ടിക്ക് ഇത് വരെ കടന്ന് ചെല്ലാന്‍ കഴിയാത്ത എല്ലായിടത്തും അടുത്ത ഒരു വര്‍ഷത്തിനകം ബൂത്ത് കമ്മറ്റികള്‍ക്ക് രൂപം നല്‍കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയാല്‍ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കുന്നത് പരിഗണിക്കാമെന്ന് കേന്ദ്രനേതൃത്വം ഉറപ്പുനല്‍കിയാതായി സൂചനയുണ്ട്.

ബിജെപി കേന്ദ്രനേതൃത്വത്തെ പ്രതിനിധീകരിച്ചു പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ജനറല്‍ സെക്രട്ടറിമാരായ രാം ലാല്‍, മുരളീധര്‍ റാവു, ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായ വി. സതീഷ്, ബി.എല്‍. സന്തോഷ് കേരളത്തിന്റെ പ്രഭാരിയായ ദേശീയ സെക്രട്ടറി എച്ച്. രാജ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്. വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് എന്നിവരും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി സുഭാഷ് എന്നിവരും പങ്കെടുത്തു. യോഗത്തിനെത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശനെ ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.