ബോബി ജിന്‍ഡാളിന്‍െറ പ്രസിഡന്റ്‌ സ്‌ഥാനാര്‍ത്ഥിത്വം തീരുമാനം ജൂണില്‍

ലൂസിയാന: ലൂസിയാന സംസ്‌ഥാനത്തെ ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണ്ണറും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്‌തനായ നേതാവുമായ ബോബി ജിന്‍ഡാള്‍ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ മത്സരിക്കണമോ എന്ന തീരുമാനം ജൂണില്‍ പ്രഖ്യാപിക്കുമെന്ന്‌ ഗവര്‍ണ്ണറുടെ ചീഫ്‌ പൊളിറ്റിക്കല്‍ അഡ്വൈസര്‍ ടിമ്മി ടി. പാല്‍ പറഞ്ഞു.

ലൂസിയാന സംസ്‌ഥാന ലെജിസ്ലേറ്റീവ്‌ സെഷന്‍ ജൂണില്‍ അവസാനിച്ചതിനുശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകു എന്നും അഡ്വൈസര്‍ കൂട്ടിചേര്‍ത്തു. റിപ്പബ്ലിക്കന്‍ ടെക്‌സാസ്‌ സെനറ്റര്‍ റൈഡ്‌ ക്രൂസ്‌ 2016 ല്‍ നടക്കുന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

Loading...

ബോബി ജിന്‍ഡാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നതിന്‌ അനുകൂല ഘടകങ്ങള്‍ വളരെ കൂടുതലാണ്‌.

ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ കൂടിയേറിയ മാതാപിതാക്കളുടെ മകനായി 1971 ജൂണില്‍ ലൂസിയാനയിലാണ്‌ ജിന്‍ഡാല്‍ ജനിച്ചത്‌. 2007 ല്‍ അമേരിക്കന്‍ ഗവര്‍ണ്ണറാകുന്ന ആദ്യ ഇന്ത്യന്‍– അമേരിക്കന്‍ എന്ന പദവി ജിന്‍ഡാള്‍ സ്വന്തമാക്കി. 2011 ലും ജിന്‍ഡാള്‍ ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു. ബോബി ജിന്‍ഡാള്‍ 2016 ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാകുമോ എന്ന്‌ ഇന്ത്യന്‍ പ്രവാസി സമൂഹം ആകാംഷയോടെ കാത്തിരിക്കുകയാണ്‌.