തലയിലും മുഖത്തും ചുണ്ടിലും മുറിവിന്റെ പാടുകൾ, കെ കെയുടെ മരണത്തിലെ ദുരൂ​ഹതയുടെ കാരണങ്ങൾ

കൊൽക്കത്ത: ബോളിവുഡ് ഗായകൻ കൃഷ്ണ കുമാറിന്റെ മരണത്തിൽ അസ്വാഭാവികതയെന്ന പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. നിരവധി കാരണങ്ങളാണ് ​ഗായകന്റെ മരണത്തിലെ അസ്വാഭാവികതയ്ക്ക് പിന്നിലെ കാരണമായി ഉയർന്നിരിക്കുന്നത്. പരിപാടിക്കിടെ സുഖമില്ലാതായ കൃഷ്ണകുമാർ കുന്നത്തിനെ വേദിയിൽ നിന്ന് തിരക്കിട്ട് പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ ദശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിലേയ്ക്ക് മടങ്ങിയ ഗായകന്റെ ആരോഗ്യനില പിന്നീട് വഷളാകുകയായിരുന്നു. നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന്, ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണവും സംഭവിക്കുകയായിരുന്നു.

അതേസമയം, ഗായകന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വൈകാതെ തന്നെ പുറത്തുവരും. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സൗത്ത് കൊൽക്കത്തയിലെ മസ്റുൾ മഞ്ച് ഓഡിറ്റോറിയത്തിൽ, കൊള്ളാവുന്നതിനേക്കാൾ ആൾക്കൂട്ടം ഉണ്ടായിരുന്നതായി പറയുന്നു, അതുകൊണ്ട് തന്നെ ചൂടും കൂടി. 2,400 പേർക്ക് പ്രവേശിക്കാവുന്ന ഹാളിൽ ഏഴായിരത്തോളം പേരുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഒരുകോളേജ് ഫെസ്റ്റിന് വേണ്ടിയാണ് കെ.കെ പാടിയത്. 53കാരനായ ഗായകനെ സിഎംആർഐ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ, ആശുപത്രിയിലേയ്ക്ക് എത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Loading...

എന്നാൽ, കെ.കെയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ഹൃദ്രോഗ വിദഗ്ധൻ പറയുന്നു. രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു. ഇതിന് ശേഷമാണ്, മരണം സംഭവിച്ചതെന്ന് ഡോ. കുനാൽ സർക്കാർ അറിയിച്ചു. കെ.കെയുടെ തലയിലും മുഖത്തും ചുണ്ടുകളിലും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വേദിയിൽ നിന്ന് ഹോട്ടലിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് ചോദ്യം ഉയരുന്നുണ്ട്. തലയിലെ മുറിവ് മരണകാരണമായോ എന്ന് വ്യക്തമല്ല. വീഴ്ചയിൽ സംഭവിച്ചതാണ് മുറിവുകൾ എന്നാണ് പറയുന്നത്.