ഇലന്തൂര്‍ നരബലിക്കേസ്; ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്ന് ആഭിചാരവുമായി ബന്ധപ്പെട്ട പുസ്തകം കണ്ടെത്തി

കൊച്ചി. ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍. ഇവയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പോലീസ് പരിശോധന നടത്തിയത്. മുഹമ്മദ് ഷാഫി ഉപയോഗിച്ച ഫോണിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പോലീസ് ശ്രമിക്കുന്നുണ്ട്. ഫോണ്‍ ഷാഫി എറിഞ്ഞ് പൊട്ടിച്ചുവെന്നാണ് ഷാഫിയുടെ ഭാര്യ പറയുന്നത്. അതേസമയം പോലീസ് പനത്തിയ പരിശോധനയില്‍ ആഭിചാരവുമായി ബന്ധപ്പെട്ട രണ്ട് മലയാളം പുസ്തകങ്ങള്‍ കണ്ടെത്തി.

മനുഷ്യമാംസം കഴിച്ചത് ഷാഫിയും ഭഗവല്‍ സിങ്ങുമാണെന്നാണ് മൊഴി. ലൈല ഭക്ഷിച്ചില്ലെന്ന് അന്വേഷണ സംഘം പറയുന്നു. മാസം പാകം ചെയ്ത കുക്കര്‍ അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും തടിക്കഷ്ണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. ഭഗവല്‍ സിംഗിനെ പത്തനംതിട്ടയിലും, മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലത്തും എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് ആലോചന. പ്രതികളെ ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചു മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു.

Loading...

കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങള്‍, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനയ്ക്ക് അയക്കും. പത്മയെയും റോസിലിയെയും കൊലപ്പെടുത്താന്‍ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളില്‍ എത്തിച്ചാകും ഭഗവല്‍ സിംഗിന്റെ ഇന്നത്തെ തെളിവെടുപ്പ്. പ്രതികളില്‍ നിന്ന് കൂടുതല്‍ സ്ത്രീകളെ ഉപദ്രവിച്ചതിന്റെ വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് പ്രത്യേക സംഘം വ്യക്തമാക്കി.