ഇവര്‍ സഹോദരങ്ങള്‍; പകല്‍ മാന്യരായ ഇലക്ട്രീഷ്യന്മാര്‍; രാത്രിയില്‍ കൊള്ളക്കാര്‍

നെടുപുഴ(തൃശൂര്‍): ബാങ്ക് കൊള്ളയിലൂടെ പെട്ടെന്ന് പണക്കാരാകാന്‍ ശ്രമിച്ച സഹോരങ്ങള്‍ പോലീസ് പിടിയില്‍. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ കൂര്‍ക്കഞ്ചേരി ശാഖയിലും മറ്റു സ്ഥാപനങ്ങളിലും നിരവധിതവണ കവര്‍ച്ചയ്ക്കു ശ്രമിക്കുകയും കൂര്‍ക്കഞ്ചേരിയിലെ ഡോക്‌ടറുടെ വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്‌ത ഇലക്‌ട്രീഷ്യന്‍മാരായ സഹോദരന്മാരെ സിറ്റി പോലീസ്‌ കമ്മീഷണര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

കൂര്‍ക്കഞ്ചേരി മങ്ങാട്ട്‌ ലെയിനില്‍ ചെന്നിപ്പറമ്പില്‍ പ്രദീപ്‌(42), സഹോദരന്‍ പ്രശാന്ത്‌(35) എന്നിവരാണ്‌ പിടിയിലായത്‌. കൂര്‍ക്കഞ്ചേരിയില്‍ സൗണ്ട്സ് ആന്‍ഡ്‌ ഇലക്‌ട്രിക്കല്‍സ്‌ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇവര്‍.

Loading...

കഴിഞ്ഞ മാര്‍ച്ച്‌ 29-നായിരുന്നു സംഭവം. എസ്‌ബിടിയുടെ കൂര്‍ക്കഞ്ചേരി ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ ഒരാളെ കണ്ടുവെന്ന സംശയത്തെത്തുടര്‍ന്നാണ്‌ പോലീസ്‌ അന്വേഷണം നടത്തിയത്‌. ബാങ്കിന്റെ മുകള്‍നിലയില്‍ പൂട്ടിക്കിടക്കുന്ന മുറികള്‍ പരിശോധിച്ചപ്പോള്‍ ബാങ്കിന്റെ സ്‌ട്രോംഗ്‌ റൂമിന്റെ തൊട്ടുമുകളിലുള്ള മുറിയുടെ തറയില്‍ ഒരാള്‍ക്ക്‌ ഇറങ്ങാവുന്ന രീതിയില്‍ ഏകദേശം പകുതിയോളം തറ പൊളിച്ച നിലയില്‍ കണ്ടെത്തി.koorkkanchery

മുറി പരിശോധിച്ച പോലീസിനു മുറിയില്‍നിന്ന്‌ ഒരു സ്വിച്ച്‌ ബോര്‍ഡും കണക്‌ഷനുപയോഗിക്കുന്ന വയറുകളും ലഭിച്ചു. മുറിയില്‍നിന്നു കിട്ടിയ സ്വിച്ച്‌ ബോര്‍ഡും വയറുകളും സംബന്ധിച്ച്‌ വിശദമായ അന്വേഷണത്തിനൊടുവിലാണ്‌ ഇലക്‌ട്രീഷ്യന്‍മാരായ സഹോദരങ്ങള്‍ വലയിലാകുന്നത്‌. പ്രതികളെ ചോദ്യം ചെയ്‌തതില്‍നിന്ന്‌ ജ്യേഷ്‌ഠന്‍ പ്രദീപ്‌ മാര്‍ച്ച്‌ 28നു രാത്രി പത്തിനു തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ടെറസ്‌ വഴി ഇവര്‍ ബാങ്ക്‌ കെട്ടിടത്തിന്റെ മുകള്‍നിലയിലെത്തുകയും മുകള്‍നിലയിലെ ഷീറ്റ്‌ പൊളിച്ച്‌ ഒരു മുറിയിലെത്തുകയും കതകു തകര്‍ത്തു ബാങ്കിന്റെ തൊട്ടുമുകളിലുള്ള മുറിയിലെത്തുകയുമായിരുന്നുവെന്നു വ്യക്തമായി.

മുറിയുടെ തറപൊളിച്ചു ദ്വാരം ഉണ്ടാക്കാനായി ഡ്രില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇലക്‌ട്രിക്‌ കണക്‌ഷന്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ മെയിന്‍ ബോര്‍ഡില്‍ നിന്നെടുത്തു. അതിനുശേഷം ശനിയാഴ്‌ച രാത്രി മുഴുവനിരുന്നു മുറിയുടെ കോണ്‍ക്രീറ്റ്‌ തറ പൊളിക്കുകയും ചെയ്‌തു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ അനുജനെ ബാങ്കിന്റെ താഴേക്കു വിളിച്ചുവരുത്തി ഭക്ഷണം വാങ്ങിപ്പിച്ചു. ആ സമയത്താണ്‌ പോലീസ്‌ കെട്ടിടത്തിലെത്തിയത്‌. പോലീസിനെ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര വഴി സാഹസികമായി രക്ഷപ്പെട്ട്‌ തൊട്ടടുത്തുള്ള സ്വന്തം കട തുറന്ന്‌ അതിനുള്ളില്‍ കയറിയിരിക്കുകയായിരുന്നു.

ബാങ്ക്‌ കവര്‍ച്ച നടത്താന്‍ പലതവണയാണ്‌ ഇവര്‍ ശ്രമം നടത്തിയത്‌. 2010 നവംബറില്‍ എസ്‌ബിടിയുടെ കൂര്‍ക്കഞ്ചേരി ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിറകുവശത്തുള്ള വെന്റിലേറ്റര്‍ തകര്‍ത്തു ബാങ്കിന്റെ അകത്തുകടന്ന്‌ സുരക്ഷാക്രമീകരണങ്ങളുടെയും ഫോണിന്റെയും കണക്‌ഷനുകള്‍ വിച്ഛേദിച്ച്‌ സ്‌ട്രോംഗ്‌ റൂമില്‍ കയറാന്‍ ശ്രമം നടത്തിയിരുന്നതായി പ്രതികള്‍ പോലീസിനോടു പറഞ്ഞു.

2014 ഒക്ടോബര്‍ 21നു പ്രതികള്‍ എസ്‌ബിടി ശാഖയുടെ താഴെയുള്ള എടിഎം കൗണ്ടറിന്റെ മുറിയുടെ പിറകുവശത്തെ ഭിത്തിയില്‍ ദ്വാരം ഉണ്ടാക്കി അതിലൂടെ അകത്തുകടന്ന്‌ എടിഎം മെഷീന്റെ പിറകുവശം പൊളിക്കാന്‍ വിഫലശ്രമം നടത്തി. പിന്നീട്‌ പ്രതികള്‍ എടിഎമ്മിന്റെ പിറകിലുണ്ടാക്കിയ ദ്വാരം ഷീറ്റുപയോഗിച്ച്‌ മറയ്ക്കുകയും ആളുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ പരിസരം വൃത്തിയാക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ ഇലക്‌ട്രിക്കല്‍ കട്ടിംഗ്‌ മെഷീന്‍ കൊണ്ടുവന്നു പണം കവരാമെന്നതായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍, ബാങ്കിലെ ജോലിക്കാരി ചുമരിലെ ചെറിയ വെളിച്ചം ശ്രദ്ധിച്ചതിനെതുടര്‍ന്ന്‌ വന്‍ മോഷണശ്രമം പരാജയപ്പെടുകയായിരുന്നു.

2007ല്‍ കൂര്‍ക്കഞ്ചേരിയിലുള്ള ഡോ. സുരേന്ദ്രന്റെ മകളുടെ വിവാഹത്തിന്റെ പിറ്റേദിവസം എല്ലാവരും ഗുരുവായൂരിലേക്കു പോയപ്പോള്‍ രാത്രി പ്രതി പ്രദീപ്‌ വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണി വഴി ബെഡ്‌റൂമില്‍ കയറി ഇരുമ്പലമാര കുത്തിപ്പൊളിച്ച്‌ ആഭരണപ്പെട്ടിയിലുണ്ടായിരുന്ന 36 പവന്റെ സ്വര്‍ണാഭരണങ്ങളും മുറിയില്‍ സൂക്ഷിച്ചിരുന്ന ആധുനിക വീഡിയോ കാമറയും മോഷ്‌ടിച്ചു. ഇവിടെ ഇല്‌ക്ട്രീഷ്യന്‍ ജോലി ചെയ്‌തിരുന്നതിനാല്‍ വീടിനെക്കുറിച്ച്‌ നന്നായി അറിയാമായിരുന്നുവെന്നു പ്രതി സമ്മതിച്ചു.

2012 ഡിസംബര്‍ 28നു രാത്രി പ്രതികള്‍ കണ്ണംകുളങ്ങരയിലുള്ള ടയര്‍ മോള്‍ഡ്‌ വര്‍ക്‌ഷോപ്പില്‍നിന്നും ഗ്യാസ്‌ കട്ടറും സിലിണ്ടറും മറ്റും ഇവരുടെതന്നെ ജീപ്പില്‍ മോഷ്ടിച്ചുകൊണ്‌ടുവന്നു. പിറ്റേദിവസം രാത്രി കൂര്‍ക്കഞ്ചേരിയിലുള്ള ശ്രദ്ധ ജ്വല്ലറിയുടെ പിറകുവശത്തുള്ള കതകുപൊളിച്ച്‌ അകത്തുകടന്നു. അവിടെനിന്നും ഭിത്തി തുരന്നു ജ്വല്ലറിയുടെ അകത്തുകടന്ന്‌ സ്വര്‍ണം സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ്‌ റൂം ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ തകര്‍ക്കാന്‍ നോക്കിയെങ്കിലും കട്ടറിന്റെ നോസില്‍ കേടായതിനാല്‍ മോഷണ ശ്രമം വിജയിച്ചില്ല. തുടര്‍ന്നു ഗ്യാസ്‌ സിലിണ്ടറുകളും മറ്റും ജ്വല്ലറിയില്‍തന്നെ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു. ഡോ. സുരേന്ദ്രന്റെ വീട്ടില്‍നിന്നും മോഷ്ടിച്ചെടുത്ത സ്വര്‍ണാഭരണങ്ങള്‍ പോലീസ്‌ കണെ്‌ടടുത്തു.

സിറ്റി അസിസ്റ്റന്റ്‌ പോലീസ്‌ കമ്മീഷണര്‍ ശിവവിക്രത്തിന്റെ നിര്‍ദേശാനുസരണം വെസ്റ്റ്‌ സിഐ സി.ആര്‍.രാജേഷ്‌, സിഐ ഉണ്ണികൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നെടുപുഴ എസ്‌ഐ കെ.എസ്‌.ശെല്‍വരാജ്‌, അഡീഷണല്‍ എസ്‌ഐ പി.എം.വേലായുധന്‍, ഷാഡോ പോലീസ്‌ എസ്‌ഐ ഫിലിപ്പ്‌ വര്‍ഗീസ്‌, എം.പി.ഡേവിസ്‌, എഎസ്‌ഐ വി.കെ.അന്‍ഷാദ്‌, സീനിയര്‍ സിപിഒമാരായ വി.എം.റാഫി, എന്‍.ജി.സുവൃതകുമാര്‍, കെ.ഗോപാലകൃഷ്‌ണന്‍, സിപിഒമാരായ ടി.വി.ജീവന്‍, ടി.കെ.പളനിസ്വാമി, സി.പി.ഉല്ലാസ്‌, എം.എസ്‌.നികേഷ്‌ എന്നിവരുടെ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.