ന്യൂയോര്‍ക്ക്: തന്റെ ടാക്‌സിക്കാറിനകത്തിരുന്ന് സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീകള്‍ ചുംബിച്ചത് തടഞ്ഞ ടാക്‌സിക്കാരനെ കോടതി 15,000 ഡോളറിനു ശിക്ഷിച്ചു. ശിക്ഷയില്‍ 10,000 ഡോളര്‍ സ്ത്രീകള്‍ക്കും 5,000 ഡോളര്‍ സിറ്റിക്ക് പിഴയായും നല്‍കാനാണ് വിധി. പാകിസ്താനി വംശജനായ മുഹമ്മദ് ദാബിയെയാണ് കോടതി ശിക്ഷിച്ചത്.

2011-ല്‍ ആയിരുന്നു സംഭവം. മന്‍ഹാറ്റനില്‍ നിന്ന് ബ്രൂക്കിനിലേക്ക് ടാക്‌സി എടുത്ത ഈ സ്ത്രീകള്‍ കാറിനകത്തു കയറിയപ്പോള്‍ മുതല്‍ ചുംബനം ആരംഭിച്ചു. ഇത് അരോചകമായി തോന്നിയ മുഹമ്മദ് അവരോട് ചുംബനം നിര്‍ത്തുവാനും അല്ലെങ്കില്‍ താന്‍ വണ്ടി നിര്‍ത്തി അവരെ ഇറക്കിവിടുമെന്നും പറഞ്ഞു. കൂടാതെ ‘ഇത്തരം കാര്യങ്ങള്‍ സ്വകാര്യതയില്‍ വീട്ടില്‍ വെച്ച് ചെയ്താല്‍ പോരെ’ എന്ന് അവരോട് ചോദിച്ചതായും വിധിന്യായത്തില്‍ പറയുന്നു.

Loading...

ക്രിസ്റ്റീന സ്പിറ്റ്സറും, കാസി തോണ്‍ടണും ആയിരുന്നു സ്ത്രീകള്‍. അവര്‍ പറയുന്നത് അവര്‍ ചുംബിച്ചില്ല വെറുതെ ചുണ്ടത്തെ ലിപ്‌സ്റ്റിക്കുകള്‍ പരസ്പരം ഷെയര്‍ ചെയ്ക മാത്രമെ ചെയ്തുള്ളു എന്നാണ്.

മനുഷ്യാവകാശ ലംഘനമാണ് മുഹമ്മദ് നടത്തിയതെന്ന് കോടതി പറഞ്ഞു. ന്യൂയോര്‍ക്കില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് സ്വാതന്ത്ര്യമുള്ള നാടാണ്. മറ്റുള്ളവരെ പോലെ തന്നെ അവര്‍ക്കും പൊതുസ്ഥലങ്ങളില്‍ ആലിംഗനം ചെയ്യുന്നതിനും ചുംബിക്കുന്നതിനും അവകാശമുണ്ട്.