കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കൊച്ചി: റോഡിന് സമീപത്തെ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണ് അപകടം. മുവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍നിന്ന് വെള്ളം വിവിധ സ്ഥലങ്ങളിലെത്തിക്കുന്ന കനാലിന്റെ ഉപകനാലാണ് തകര്‍ന്നത്. റോഡിനു സമീപം കടന്നു പോകുന്ന കനാല്‍ ഞായറാഴ്ച വൈകീട്ടാണ് തകര്‍ന്നുവീണത്. അപകട സമയത്ത് അതുവഴി പോവുകയായിരുന്ന കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ കനാൽ ഇടിഞ്ഞു താഴേക്ക് വരുന്നതും ഗേറ്റ് തകർത്ത് വെള്ളം പാഞ്ഞ് അകത്തേയ്ക്ക് കയറുന്നതും കാണാം.

മുവാറ്റുപുഴ, മാറാടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനുമാണ് ഈ ഉപകനാലിലൂടെ വെള്ളം കൊണ്ടുപോകുന്നത്. 15 അടി മുകളില്‍നിന്ന് കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണതിനെത്തുടര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുകി റോഡിലെത്തി. മണ്ണും വെള്ളവും റോഡിലേക്ക് ഒഴുകിയിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. വെള്ളം കുത്തിയൊഴുകിയെത്തി സമീപത്തെ വീട്ടില്‍ വെള്ളക്കെട്ടുണ്ടായി.

Loading...

കാലപ്പഴക്കമുള്ള കനാലിന്റെ സംരക്ഷണ ഭിത്തി നിര്‍മിച്ചപ്പോള്‍ കമ്പി ഉപയോഗിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് മുന്‍പും പലതവണ കനാല്‍ തകര്‍ന്നിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയും നാട്ടുകാർ അപകടകാരണമായി ചൂണ്ടിക്കാട്ടുന്നു.