ജയിലില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന് സിം കാര്‍ഡ് എത്തിച്ച സംഭവത്തില്‍ കേസ്

തൃശൂര്‍. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് സിം കാര്‍ഡ് എത്തിച്ച സംഭവത്തില്‍ കേസെടുത്തു. പോപ്പുലര്‍ ഫ്രണ്ട് കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ഇടുക്കി പെരുവന്താനം സ്വദേശി സിഎച്ച് സൈനുദ്ദിന്റെ ഭാര്യ നദീറ, സഹോദരന്‍ മുഹമ്മദ് നാസര്‍ മകന്‍ എന്നിവര്‍ക്കെതിരെയാണ് ജയില്‍ സുപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തത്.

ജയിലിലേക്ക് നിരോധിത വസ്തുക്കള്‍ ഒളിച്ചു കടത്തിയതിന് പ്രിസണേഴ്‌സ് ആക്ട് പ്രകാരമാണ് കേസ്. സിമ്മിലെ വിലാസം പരിശോധിച്ച് ഉറപ്പിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഒക്ടോബര്‍ 31നാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് ഇടുക്കി പെരുവന്താനത്ത് നിന്ന് അറസ്റ്റിലായ സിഎച്ച് സൈനുദ്ദിന് കുടുംബാംഗങ്ങള്‍ രഹസ്യമായി സിം കാര്‍ഡ് നല്‍കിയത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പുസ്തകം പരിശോധിച്ചപ്പോള്‍ സിം കാര്‍ഡ് പിടികൂടി. സിം കാര്‍ഡിലെ വിലാസം പരിശോധിക്കുവാന്‍ സൈബര്‍ സെല്ലിന് കൈമാറി.

Loading...