ചൈനാക്കാര്‍ ഇന്ത്യയില്‍ സൈബര്‍ ചാരവൃത്തി നടത്തി

ന്യൂഡെല്‍ഹി: ഇന്ത്യയിലും മറ്റ് ചില ഏഷ്യന്‍ രാജ്യങ്ങളിലും കഴിഞ്ഞ ഒരു ദശകത്തോളം ചൈന ഹാക്കര്‍മാരെ ഉപയോഗിച്ച് ചാരവൃത്തി നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് സുരക്ഷ ഏജന്‍സിയായ ‘ഫയര്‍ ഐ’ ഏജന്‍സിയാണ് ചൈനയുടെ ഈ ചാരവൃത്തി സംബന്ധിച്ച വിവരം പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. എ.പി.ടി 30 ആന്‍ഡ് ദ മെക്കാനിക്ക്‌സ് ഓഫ് ലോങ് എ റണ്ണിംഗ് സൈബര്‍ എസ്പിയോണേജ് ഓപറേഷന്‍’ എന്ന് പേരിലുള്ള ഫയര്‍ ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ‘എ.പി.ടി 30′ എന്ന സൈബര്‍ ചാര സംഘത്തെ ഉപയോഗിച്ച് സര്‍ക്കാറുകള്‍, കോര്‍പറേഷനുകള്‍, മാധ്യമപ്രവര്‍ത്തകര്‍, സൈന്യം എന്നീ വിഭാഗങ്ങളുടെ വിവരങ്ങള്‍ ചൈന ചോര്‍ത്തിയെന്നാണ് പറയുന്നത്. ഇന്ത്യയെ കൂടാതെ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയാണ് വളരെക്കാലം ചൈന ലക്ഷ്യമാക്കിയത്. 2005 മുതലാണ് ഇവ ചാരപ്രവര്‍ത്തനം തുടങ്ങിയത്. നിരന്തരവും വളരെയധികം ആസൂത്രിതവുമായ ശ്രമങ്ങളാണ് ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു.