ലിബിയയില്‍ ക്രൈസ്തവര്‍ക്കു നേരെ വീണ്ടും ആക്രമണം: 12 പേരെ തലയറുത്തും, 16 പേരെ വെടിവെച്ചും കൊലപ്പെടുത്തി

ട്രിപ്പോളി: ലിബിയയില്‍ ക്രൈസ്തവര്‍ക്കു നേരെ ഐ.എസ് ആക്രമണം. ബന്ദികളാക്കപ്പെട്ട ക്രൈസ്‌തവരെ തലയറുത്തും വെടിവച്ചും കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഐഎസ്‌ ഓണ്‍ലൈന്‍ വഴി പുറത്തുവിട്ടു. ലിബിയയിലെ ഐഎസ്‌ അനുഭാവമുള്ള രണ്ടുസംഘങ്ങളാണു സംഭവത്തിനു പിന്നില്‍. എത്യോപ്യന്‍ സഭാ വിശ്വാസികളായ കറുത്ത വര്‍ഗക്കാരാണു കൊല്ലപ്പെട്ടത്‌. 29 മിനിറ്റ്‌ നീണ്ടുനില്‍ക്കുന്ന ദൃശ്യങ്ങള്‍ ഞായറാഴ്‌ചയാണു തീവ്രവാദികള്‍ പുറത്തുവിട്ടത്‌. കിഴക്കന്‍ ലിബിയയില്‍ നിന്നും തെക്കന്‍ ലിബിയയില്‍ നിന്നുമുള്ള ക്രൈസ്‌തവരെയാണു തീവ്രവാദികള്‍ ബന്ദികളാക്കിയത്‌.

കിഴക്കന്‍ ലിബിയയില്‍ നിന്നും പിടികൂടിയ 12 പേരെ ഐഎസ്‌ തീവ്രവാദികള്‍ തലയറുത്താണു കൊലപ്പെടുത്തിയത്‌. കടല്‍ത്തീരത്തിനു സമീപം കൂട്ടക്കുരുതി നടക്കുന്നതായാണു ദൃശ്യങ്ങളില്‍ നിന്നു മനസിലാകുന്നത്‌. തെക്കന്‍ ലിബിയയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ബന്ദികളെ വെടിവച്ചു കൊല്ലുന്നതായാണു കാണുന്നത്‌. ബന്ധികളായ 16 പേരുടെ തലയക്കുനേരെ തൊട്ടടുത്തു നിന്നാണു വെടിവയ്ക്കുന്നത്‌. മരുഭൂമിയുടെ പശ്ചാത്തലത്തിലാണു തെക്കന്‍ ലിബിയയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. രണ്‌ടു ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ഒരുമിച്ചു ചേര്‍ത്താണ്‌ 29 മിനിറ്റ്‌ നീണ്‌ട വീഡിയോ തീവ്രവാദ സംഘം പുറത്തുവിട്ടിരിക്കുന്നത്‌.

Loading...

ശത്രുക്കളായ എത്യോപ്യന്‍ സഭയിലെ ക്രൂശിന്റെ പിന്‍ഗാമികള്‍ എന്നു വീഡിയോ ദൃശ്യങ്ങളില്‍ എഴുതിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 16–നു കോപ്‌റ്റിക്‌ ക്രൈസ്‌തവരായ 21 ഈജിപ്‌ത്‌ സ്വദേശികളെ ഐഎസ്‌ ലിബിയന്‍ കടല്‍തീരത്തു തലയറുത്തു കൊലപ്പെടുത്തിയിരുന്നു.