കോണ്‍ഗ്രസില്‍ സുധാകരനെതിരെ പടയൊരുക്കം; രണ്ടാമൂഴം നഷ്ടമാകും

തിരുവനന്തപുരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെകതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ നടത്തിതാണ് ശക്തമായ പ്രതിഷേധത്തിന് കാരണം. സുധാകരനെതിരെ ഗ്രൂപ്പ് ഭേദമന്യേയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംഘടിക്കുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള സുധാകരന്റെ രണ്ടാമൂഴം തടയുകയാണ് ലക്ഷ്യം. തുടര്‍ച്ചയായി കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കുന്ന സുധാകരന്റെ നടപടി ഹൈക്കമാന്‍ഡ് പരിശോധിക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു.

സംഘടനാ കോണ്‍ഗ്രസിലായിരുന്ന കാലത്ത് ആര്‍എസ്എസ് ശാഖകള്‍ക്കു സംരക്ഷണം നല്‍കിയിട്ടുണ്ടെന്നതുള്‍പ്പെടെ, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തുടരെ നടത്തുന്ന വിവാദ പരാമര്‍ശങ്ങളില്‍ എഐസിസി നേതൃത്വം വിശദീകരണം തേടി. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇതേക്കുറിച്ചു സുധാകരനുമായി ഫോണില്‍ സംസാരിച്ചതായി വ്യക്തമാക്കി.

Loading...

സംഭവിച്ചതു നാക്കുപിഴയാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹം ഖേദം അറിയിച്ചിട്ടുണ്ടെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. സുധാകരനു പുറമേ, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലെ മറ്റു നേതാക്കളോടും താരിഖ് സംസാരിച്ചു. വിഷയത്തില്‍ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു. ആര്‍ക്കും നാക്കുപിഴയുണ്ടാകാം. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകില്ലെന്നു സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

അതേസമയം സുധാകരന്റെ പ്രതികരണം തൃപ്തികരമാണെന്നും താരിഖ് അന്‍വര്‍ അറിയിച്ചു. ആര്‍എസ്എസിനെക്കുറിച്ചുള്ള പരാമര്‍ശത്തിനു പിന്നാലെ വര്‍ഗീയതയോടു നെഹ്‌റു സന്ധി ചെയ്തുവെന്നു കൂടി സുധാകരന്‍ പറഞ്ഞതു കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. ഇതു സിപിഎം രാഷ്ട്രീയ വിവാദമാക്കുന്നതിനിടെയാണ് എഐസിസിയുടെ ഇടപെടല്‍. സുധാകരനുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തില്‍ താരിഖ് അന്‍വര്‍ പാര്‍ട്ടി നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കും. മുസ്‌ലിം ലീഗും പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ചിരുന്നു. വിഷയം നാളെ ചേരുന്ന രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്യും.