ഒറ്റയാനില്‍ നിന്നും രക്ഷപ്പെടാന്‍ ബസ് 8 കിലോ മീറ്റര്‍ പിന്നോട്ട് ഓടിച്ചു

തൃശൂര്‍. കാട്ടാനയുടെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ ബസ് ഡ്രൈവര്‍ ബസ് പിന്നിലോട്ട് ഓടിച്ചത് ഏട്ട് കിലോമീറ്റര്‍. ചാലക്കുടി വാല്‍പാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് ചൊവ്വാഴ്ച രാവിലെ ആനയില്‍ നിന്നും രക്ഷപെടാന്‍ പിന്നോട്ട് ഓടിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഷോളയാര്‍ വന മേഖലയിലെ കബാലി എന്ന് വിളിക്കുന്ന ഒറ്റയാന്‍ ആണ് ബസിനെ ആക്രമിക്കുവാന്‍ എത്തിയത്.

കൊടും വളവുകളായതിനാല്‍ ബസ് തിരിക്കുവാന്‍ കഴിഞ്ഞില്ല. ഇതാണ് എട്ട് കിലോമാറ്ററോളം ബസ് പിന്നോട്ട് ഓടിക്കുവാന്‍ കാരണം. അമ്പലപ്പാറ മുതല്‍ ആനക്കയം വരെ ബസ് പിന്നിലോട്ട് ഓടിച്ചു. പിന്നിലുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍തിരിച്ചു വിട്ടു. ഒറ്റയാനായ കബാലി ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആനക്കയം ഭഗത്ത് എത്തിയപ്പോള്‍ ആന കാട്ടിലേക്ക് ഇറങ്ങിയതോടെയാണ് യാത്രക്കാര്‍ക്ക് ആശ്വാസം ആയത്.

Loading...

ആനമല ഭാഗത്ത് ആഴ്ചകളായി ഒറ്റയാന്‍ ഭഷണി തുടര്‍ന്നിരുന്നു. വനം വകുപ്പിന്റെ ജീപ്പ് ഉള്‍പ്പെടെ ഇവന്‍ നശിപ്പിച്ചിരുന്നു. അമ്പലപ്പാറ വൈദ്യുതി നിലയത്തിലും ആക്രമണം നടത്തി. രണ്ട് വര്‍ഷമായി ഇടയ്ക്കിടെ ജനവാസ മേഖലയില്‍ എത്തുന്ന കബാലി ഒരു മാസത്തോളമായി മദപ്പാടിലാണെന്നും അതാണ് ആക്രമവാസന കാണിക്കുന്നതെന്നും വനം വകുപ്പ് ജീവനക്കാര്‍ പറയുന്നു. ഒറ്റയാന് കബാലി എന്ന് പേര് നല്‍കിയത് വനം വകുപ്പ് ജീവനക്കാരാണ്.