42 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ക്ലിഫ് ഹൗസിലെ തൊഴുത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

തിരുവനന്തപുരം. ക്ലിഫ് ഹൗസില്‍ പുതുതായി നിര്‍മിച്ച തൊഴുത്തിലേക്ക് പശുക്കളെ മാറ്റി. 42.90 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണം പൂര്‍ത്തിയായതോടെയാണ് 6 പശുക്കളെ ഇവിടേയ്ക്കു മാറ്റിയത്.പശുക്കള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും വിവാദം ഭയന്ന് വേണ്ടെന്നു വച്ചു.

ഇരുനില തൊഴുത്താണ് നിര്‍മിക്കാന്‍ ആദ്യം ആലോചിച്ചതെങ്കിലും ഓടുമേഞ്ഞ തൊഴുത്തില്‍ നിര്‍മാണം ഒതുക്കി. ഭാവിയില്‍ ഒരു നില കൂടി നിര്‍മിച്ചു ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സാക്കാനും പദ്ധതിയുണ്ട്.പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗമാണ് 2 മാസം കൊണ്ട് തൊഴുത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 800 ചതുരശ്ര അടിയില്‍ നിര്‍മിച്ച തൊഴുത്തില്‍ ഒരേ സമയം 6 പശുക്കളെ പാര്‍പ്പിക്കാം. 4 ഫാനുകളും സ്ഥാപിച്ചു.

Loading...

തൊഴുത്തിനോട് ചേര്‍ന്ന് കാലിത്തീറ്റയും മറ്റും സൂക്ഷിക്കാന്‍ മുറിയും തൊഴിലാളികള്‍ക്കായി വിശ്രമമുറിയും നിര്‍മിച്ചു. പുറമേ 10 മീറ്റര്‍ നീളത്തില്‍ ചുറ്റുമതിലും നിര്‍മിച്ചു.ക്ലിഫ് ഹൗസ് വളപ്പില്‍ നിലവിലെ തൊഴുത്തിന് 30 വര്‍ഷത്തോളം പഴക്കമുണ്ട്. സൗകര്യക്കുറവ് ഉള്ളതിനാലാണ് 3 മീറ്റര്‍ അകലെ പുതിയ തൊഴുത്ത് പണിതത്. 8 പശുക്കളും 4 കന്നുക്കുട്ടികളുമാണ് ക്ലിഫ്ഹൗസിലുള്ളത്. 6 പശുക്കളെ പുതിയ തൊഴുത്തിലേക്കു മാറ്റിയതോടെ 2 പശുക്കളും 4 കന്നുക്കുട്ടികളും പഴയ തൊഴുത്തില്‍ തുടരും.

ക്ലിഫ് ഹൗസ് വളപ്പില്‍ 25.50 ലക്ഷം രൂപ ചെലവിട്ട് പുതുതായി ലിഫ്റ്റ് സ്ഥാപിക്കുന്ന പണികളും പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ആരംഭിച്ചു. ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. രണ്ടു നിലകളുള്ള ക്ലിഫ് ഹൗസ് മന്ദിരത്തില്‍ ഒരു നില കയറാനാണ് പാസഞ്ചര്‍ ലിഫ്റ്റ് സ്ഥാപിക്കുന്നത്.