ബഫര്‍സോണ്‍ വിഷയത്തില്‍ ജനജാഗ്രത യാത്രയുമായി കര്‍ഷക സംഘടനകള്‍

തിരുവനന്തപുരം. ബഫര്‍സോണ്‍ ആശങ്കയില്‍ ജനജാഗ്രതാ യാത്രയുമായി കര്‍ഷക സംഘടനകള്‍. കെസിബിസിയുടെ പിന്തുണയോടെ 61 കര്‍ഷക സംഘടനകള്‍ യാത്രനടത്തും. യാത്രയുടെ സമാപന സമ്മേനം താമരശേരി ബിഷപ്പ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കണ്ടപുനത്തുള്ള വനം വകുപ്പ് ഓഫിസിനു മുന്നില്‍ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് കത്തിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രതിഷേധിച്ചു.

സര്‍വേ റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു പ്രതിഷേധം. കോടതി വിധികളിലൂടെ ജനങ്ങളെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ തന്ത്രങ്ങളുടെ തുടക്കമാണ് ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അവ്യക്തതയെന്ന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ആരോപിച്ചു. സംസ്ഥാനത്തെ 115 പഞ്ചായത്തുകളിലെ ആയിരം കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധം അറിയിക്കും.

Loading...

ബഫര്‍ സോണ്‍ സംബന്ധിച്ച വസ്തുതകള്‍ കൃത്യമായി ജനങ്ങള്‍ തിരിച്ചറിയാതെ ഇരിക്കാനാണ് അവ്യക്തമായ മാപ്പും റിപ്പോര്‍ട്ടും പുറത്തു വിട്ടതെന്നും കിസാന്‍ മഹാസംഘ് ആരോപിക്കുന്നു. ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ട് തയാറാക്കണമെന്ന് കിസാന്‍ മഹാ സംഘ് ആവശ്യപ്പെട്ടു. ബഫര്‍സോണ് ഉപഗ്രഹസര്‍വേയില്‍ വയനാട് നൂല്‍പുഴ പഞ്ചായത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാലു വാര്‍ഡുകളെ വനഭൂമിയെന്ന് രേഖപ്പെടുത്തിയെന്ന് പരാതി.

ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കയ്യേറ്റം അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കാര്‍ഷിക ഗ്രാമമായ നൂല്‍പുഴയില്‍ ജനസംഖ്യയുടെ 40 ശതമാനവും ആദിവാസികളാണ്. കര്‍ഷകര്‍ താമസിക്കുന്ന വടക്കനാടും മുത്തങ്ങയും ഉള്‍പ്പടെ നാലു വാര്‍ഡുകളെ വനഭൂമിയാക്കി രേഖപ്പെടുത്തിയെന്നാണ് പരാതി. വീടുകളും വ്യവസായ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും ഉള്‍പ്പടെ ഭൂപടത്തില്‍ നിന്നും മാഞ്ഞുപോയെന്നാണ് ആക്ഷേപം.