കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍;കൊറോണ ബാധയെന്ന് സംശയം

കൊച്ചി: പയ്യന്നൂര്‍ സ്വദേശി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍. മലേഷ്യയില്‍ നിന്നെത്തിയ 36 കാരനാണ് കൊറോണ ബാധ സംശയത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. മലേഷ്യയില്‍ നിന്നെത്തിയതാണ് ഇയാള്‍. ഇപ്പോള്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില അതീവഗുരുതരമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ശ്വാസ കോശത്തെയും ഗുരുതരമായ വൈറല്‍ ന്യുമോണിയ ബാധിച്ചിട്ടുണ്ട്.

അഞ്ച് ദിവസമായി ഇയാള്‍ക്ക് പനിയും ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ടെന്ന് ഇയാള്‍ ഡോക്ടറോട് വ്യക്തമാക്കിയിരുന്നു.
പ്രമേഹം പോലെയുള്ള മറ്റു രോഗങ്ങളും യുവാവിനുണ്ട്. ഇദ്ദേഹത്തെ ഇന്നലെ രാത്രി ഒരു മണിക്ക് വിമാനമിറങ്ങിയശേഷം പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. തുടർന്നാണ് അവിടെനിന്നു മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. യുവാവിന്റെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇന്നു തന്നെ ഫലം പുറത്തു വരും. മെഡിസിൻ വിഭാഗം ഡോക്ടർമാരായ ഡോ. ജിൽസ് ജോർജ്, ഡോ.ജേക്കബ് കെ.ജേക്കബ് എന്നിവരുടെ ചികിത്സയിലാണ് യുവാവ്.

Loading...

അതേസമയം കുവൈത്തില്‍ 43 പേര്‍ക്കും ബഹ്‌റൈനില്‍ 33 പേര്‍ക്കും കൊറോണവൈറസ് (കോവിഡ് 19) സ്ഥിരീകരിച്ചു. കുവൈത്തില്‍ 15 പേര്‍ക്കും ബഹ്‌റൈനില്‍ ഏഴുപേര്‍ക്കുമാണ് വ്യാഴാഴ്ച പുതുതായി രോഗം കണ്ടെത്തിയത്. ഇറാനില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരായ മുഴുവന്‍ പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി വിദഗ്ദചികില്‍സ നല്‍കുന്നുണ്ട്. വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും ഊര്‍ജ്ജിതമാക്കി. കുവൈത്തില്‍ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ അവരുടെ വീടുകളില്‍ ഐസൊലേഷനിലാണെന്നും ഇവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് പഞ്ചിംഗിനായി ഏര്‍പ്പെടുത്തിയിരുന്ന ബയോമെട്രിക വിരലടയാള സംവിധാനം മാര്‍ച്ച് ഒന്ന് മുതല്‍ നിര്‍ത്തിവെക്കാന്‍ കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു.

രാജ്യത്തെ സ്‌കൂളുകളിലെ ഫൈനല്‍ പരീക്ഷകള്‍ ഈദ് അവധിക്കുശേഷം നടത്തുന്ന രീതിയില്‍ മാറ്റിയതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഷെഡ്യൂളുകളിലെ മാറ്റം അനുസരിച്ച് അധ്യാപന പാഠ്യപദ്ധതിയും ക്രമീകരിക്കും, സ്‌കൂളില്‍ വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍എല്ലാ സ്‌കൂളുകളിലും നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കുവൈറ്റിലും ബഹ്‌റൈനിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടാഴ്ച അവധി നല്‍കിയിട്ടുണ്ട്.

ബഹ്‌റൈനില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ 14 ദിവസത്തേക്ക് നിരക്ഷണത്തില്‍ വെക്കുന്നുണ്ട്. പ്രത്യേകം വാര്‍ഡുകളാണ് ഇവര്‍ക്കായി സജ്ജീകരിച്ചത്. വിമാനതാവളങ്ങളില്‍ പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് ഈ മാസം 29 വരെ ദീര്‍ഘിപ്പിച്ചതായി ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സര്‍വീസ് തിങ്കളാഴ്ച 48 മണിക്കൂര്‍ നിര്‍ത്തിവെച്ചിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ഉപയോഗിക്കാനും നിര്‍ദേശിച്ചു.