യു.ഡി.എഫ് വിടാനും ഒരുങ്ങി ജോർജ്ജ്; സർക്കാർ സമ്മർദ്ദത്തിൽ.

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി.ജോർജിനേ പുറത്താക്കണമെന്ന് നിലപാടിൽനിന്നും ഒട്ടും പിന്നോട്ടില്ലെന്ന് കെ.എം.മാണി. ജോർജിനേ അനുനയിപ്പിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കവും പരാജയം. യു.ഡി.എഫ് വിടാൻ ഒരുക്കമാണെന്നും സർക്കാരിനേ താഴെയിടുമെന്നും മുഖ്യമന്ത്രിയേ നേരിൽ കണ്ട് പി.സി.ജോർജ് വ്യക്തമാക്കിയ റിപ്പോർട്ടുകൾ പുറത്ത്. അല്ലെങ്കിൽ മന്ത്രി സ്ഥാനവും, സ്വന്തം പുതിയ പാർട്ടിയായി യു.ഡി.എഫിൽ തുടരാനും സാഹചര്യമൊരുക്കണമെന്നും ജോർജ്ജ് ആവശ്യപ്പെട്ടു. പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം കത്ത് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥിരീകരിച്ചു. കത്ത് ലഭിച്ചിട്ടുണ്ട്. അതുസംബന്ധിച്ച ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. പ്രശ്‌നത്തില്‍ എത്രയുംവേഗം തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നത്തില്‍ ഇന്ന് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയില്ലെന്നും വരും ദിവസങ്ങളില്‍ താന്‍ തലസ്ഥാനത്ത് ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പി.സി ജോര്‍ജ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് രാജിസന്നദ്ധത അറിയിച്ചതിനുശേഷം അദ്ദേഹത്തെ മുന്നണിയില്‍ നിലനിര്‍ത്താന്‍ നടത്തിയ അനുനയശ്രമങ്ങള്‍ കാര്യമായ ഫലം കണ്ടില്ലെന്നാണ് സൂചന. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുമായും കെ എം മാണിയുമായും രാവിലെതന്നെ ചര്‍ച്ച നടത്തിയിരുന്നു. ഉച്ചയോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി, മന്ത്രി കെ എം മാണി എന്നിവര്‍ ക്ലിഫ് ഹൗസിലും ചര്‍ച്ച നടത്തി. എന്നാല്‍ അനുനയ ശ്രമങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാനം മാറ്റേണ്ടതില്ലെന്ന നിലപാടാണ് മന്ത്രി മാണി സ്വീകരിച്ചത്.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍, യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച് തീരുമാനമെടുക്കുംവരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജോര്‍ജിന് നിര്‍ദ്ദേശം നല്‍കി.

Loading...

തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായി മന്ത്രി കെ എം മാണിയുടെ വസതിയിലെത്തി സംസാരിച്ചുവെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് മാണി എന്നാണ് സൂചുന.ചീഫ് വിപ്പിന്റെ ഔദ്യോഗിക വാഹനം ഒഴിവാക്കി രാജിക്കത്തുമായാണ് വെള്ളിയാഴ്ച രാവിലെ ജോര്‍ജ് ക്ലിഫ് ഹൗസിലെത്തിയത്. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം ക്ലിഫ് ഹൗസിന് പുറത്തെത്തിയ ജോര്‍ജ് യു ഡി എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ എടുക്കുന്ന തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.

താന്‍ ഇപ്പോഴും യു ഡി എഫിന്റെ ഭാഗം തന്നെയാണെന്ന് ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യു ഡി എഫ് ചെയര്‍മാനും കണ്‍വീനറും ഘടകകക്ഷി നേതാക്കളും തന്നോട് മാന്യമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പി ജെ ജോസഫ് വിഭാഗവും തന്നോട് മോശമായി പെരുമാറിയിട്ടില്ല. തീരുമാനം വരുംവരെ കാത്തിരിക്കും. എടുത്തുചാടി ഒന്നും ചെയ്യുന്നത് ശരിയല്ല. അഴിമതിക്കെതിരായ പോരാട്ടം തുടരും. ജനവികാരവും മാന്യതയും മാത്രമാണ് തനിക്ക് പ്രശ്‌നം. മന്ത്രി മാണിയുടെ നിലപാടിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും അതിലേക്കൊന്നും കടക്കുന്നില്ലെന്ന് ജോര്‍ജ് പ്രതികരിച്ചു.