വിഎസിനെ കേന്ദ്രനേതൃവും കൈവിട്ടു; പ്രതിപക്ഷനേതൃസ്ഥാനം പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ടുവരെ

ന്യൂഡല്‍ഹി: വി.എസ്സിനെ കേന്ദ്രനേതൃത്വവും കൈവിട്ടു. ആലപ്പുഴയില്‍ നടന്ന സംസ്‌ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയതിന്‌ പ്രതിപക്ഷ നേതാവ്‌ കൂടിയായ വി.എസ്‌. അച്യുതാനന്ദന്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്ന്‌ കേന്ദ്രനേതൃത്വം വ്യക്തമാക്കി. ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റി, പിബി യോഗത്തിനു ശേഷം സിപിഎം ദേശീയ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. വിഎസിന്റേത്‌ ഗുരുതരമായ അച്ചടക്കലംഘനമാണെന്നും വിഎസിന്റെ പെരുമാറ്റത്തില്‍ ശക്‌തമായ വിയോജിപ്പും പാര്‍ട്ടി രേഖപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

വി.എസ്സിന്റെ കത്തിലെ ആരോപണങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തിട്ടുള്ളതിനാലും വോട്ടിനിട്ട് തള്ളിയിട്ടുള്ളതിനാലും അത് മുഖവിലയ്ക്കെടുക്കുന്നില്ലെന്നും കാരാട്ട് പറഞ്ഞു. എങ്കില്‍ തന്നെയും സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അവതരിപ്പിച്ച പ്രമേയത്തിനെതിരായ വിഎസ്‌ അച്യുതാനന്ദന്‍ നല്‍കിയ പരാതി പിബി കമ്മിഷനു കൈമാറാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പിബി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ലഭിക്കുന്നതുവരെ പ്രതിപക്ഷ നേതൃസ്‌ഥാനത്ത്‌ തുടരാനും വിഎസിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. വിഎസ്‌ തയ്യാറാക്കിയ വിയോജന കുറിപ്പ്‌ എങ്ങനെ മലയാള മനോരമയ്ക്ക്‌ ലഭിച്ചു എന്നതും പിബി കമ്മിഷന്‍ പരിശോധിക്കും. ഇവയുള്‍പ്പെടെയുള്ള കേരള വിഷയങ്ങളും പിബി കമ്മിഷനു വിടാനാണ്‌ തീരുമാനം.

Loading...